ന്യൂഡൽഹി
മീഡിയാ വൺ ചാനലിന് സംപ്രേഷണവിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി. രാജ്യസുരക്ഷ മറയാക്കി അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നാലാഴ്ചയ്ക്കുള്ളിൽ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.
രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് സർക്കാരിന് അന്യായം പ്രവർത്തിക്കാനാകില്ല. ഈ ചാനൽ രാജ്യസുരക്ഷയ്ക്ക് ആശങ്ക സൃഷ്ടിച്ചെന്ന് അഹങ്കാരത്തോടെ ആ വാദം ഉന്നയിച്ച സർക്കാർ ആശങ്കയെന്താണെന്ന് വിശദീകരിക്കാൻ തയ്യാറായില്ല. രാജ്യസുരക്ഷയെന്ന് പറഞ്ഞാൽ കോടതി പരിശോധിക്കില്ലെന്ന വിശ്വാസമുണ്ടെങ്കിൽ അത് തെറ്റാണ്. രാജ്യസുരക്ഷ ഉപകരണമാക്കി പൗരൻമാരുടെ അവകാശങ്ങൾ നിഷേധിച്ചാൽ അത് നിയമപരമായി നിലനിൽക്കില്ലെന്ന്- ജസ്റ്റിസ് ഹിമാകോഹ്ലി കൂടി അംഗമായ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനാധിപത്യം നിലനിൽക്കണമെങ്കിൽ സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമങ്ങൾ അനിവാര്യമാണെന്ന വസ്തുത മറക്കരുതെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു. സർക്കാർ നയങ്ങൾ വിമർശിച്ചതുകൊണ്ടുമാത്രം ചാനൽ മൊത്തം സംവിധാനത്തിനും എതിരാകില്ല. സിഎഎ, എൻആർസി തുടങ്ങിയവയ്ക്ക് എതിരായ വാർത്തകൾ വിലക്കിനുള്ള ന്യായീകരണമല്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.
ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നൽകാത്തതിനെത്തുടർന്ന് ചാനലിന്റെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് വാർത്താപ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനൽ എഡിറ്റർ പ്രമോദ്രാമനും കേരളാ പത്രപ്രവർത്തക യൂണിയനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ കേരളാ ഹൈക്കോടതി വിലക്ക് ശരിവച്ചിരുന്നു. വിലക്കേർപ്പെടുത്താനുള്ള കാരണങ്ങൾ മുദ്ര വച്ച കവറിൽ മാത്രമേ കൈമാറുകയുള്ളൂവെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് സുപ്രീംകോടതി തള്ളി. ചാനലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ, അഡ്വ. ഹാരീസ് ബീരാൻ എന്നിവർ ഹാജരായി.















