കോഴിക്കോട്
ട്രെയിൻ തീവയ്പ് സംഭവത്തിൽ പ്രതിയെ കുടുക്കിയത് കേരള പൊലീസിന്റെയും വിവിധ അന്വേഷണ ഏജൻസികളുടെയും ദ്രുതഗതിയിലുള്ള നീക്കം. ഒരു നിമിഷംപോലും പാഴാക്കാതെ ഉണർന്ന് പ്രവർത്തിച്ച കേരള പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുമായുള്ള ഏകോപനത്തിലൂടെ അതിവേഗം പ്രതിയിലേക്കെത്തി. സംഭവം നടന്ന് മൂന്നാം നാൾ പുലരുംമുമ്പ് പ്രതി അറസ്റ്റിലാവുകയും ചെയ്തു. ഞായറാഴ്ച രാത്രി 9.25നാണ് ആലപ്പുഴ–- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാർക്കുനേരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതിയെങ്കിലും ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതോടെ വിഷയത്തിന്റെ മാനം മാറി. തീവ്രവാദ ഇടപെടൽ ഉൾപ്പെടെ സംശയിക്കപ്പെട്ടു.
തിങ്കളാഴ്ചതന്നെ ഡിജിപി അനിൽകാന്ത് പ്രത്യേക അന്വേഷകസംഘത്തിന് രൂപംനൽകി. എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് കേന്ദ്രീകരിച്ച് അതിവേഗ നീക്കമാണ് നടത്തിയത്. സംസ്ഥാന പൊലീസിന് പുറമെ സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡംഗങ്ങളും റെയിൽവേ പൊലീസും അടങ്ങുന്ന സംഘം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്. കേന്ദ്ര ഇന്റലിജൻസ്, എൻഐഎ, വിവിധ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്ക്വാഡുകൾ എന്നിവയുമായിആശയ വിനിമയം നടത്തി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം തയ്യാറാക്കി. പ്രതിക്ക് പൊള്ളലേറ്റുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും ആശുപത്രികളിൽ ചികിത്സതേടിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ചിലരെ ചോദ്യംചെയ്തു.
സംഭവസ്ഥലത്തുനിന്ന് പ്രതിയുടെ ബാഗ് കിട്ടിയത് കേസിൽ നിർണായകമായി. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ചു. പ്രതി ഷാറൂഖാണെന്ന ഉറപ്പിച്ച അന്വേഷകസംഘം ഇതര സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ അയച്ചു. റെയിൽവേ പൊലീസിന്റെയും ഭീകര വിരുദ്ധ സ്ക്വാഡിന്റെയും പ്രത്യേക സംഘം കഴിഞ്ഞ ദിവസം നോയിഡയിൽ എത്തി പ്രതിയുടെ പിതാവിൽനിന്നും ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചു. ഒടുവിൽ സംഭവത്തിന്റെ നാലാം നാൾ പ്രതി അറസ്റ്റിലായി. ഇനി അക്രമത്തിലേക്ക് പ്രതിയെ നയിച്ച കാരണങ്ങൾ കണ്ടെത്തുകയാണ് അന്വേഷകസംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
നിർണായകമായത് സൈബർ
അന്വേഷണം
എലത്തൂരിൽ ട്രെയിനിൽ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പിടികൂടാൻ അന്വേഷകസംഘത്തെ സഹായിച്ചത് മൊബൈൽ ഫോൺ വിവരങ്ങൾ. ഷാറൂഖിന്റെ പേരിലുള്ള രണ്ട് സിം കാർഡുകൾ ചൊവ്വാഴ്ച വൈകിട്ടുമുതൽ പ്രവർത്തിച്ചതാണ് നിർണായകമായത്. ഐടി സൈബർ വിഭാഗം ഇതിന്റെ ലൊക്കേഷൻ മാപ്പ് ഉൾപ്പെടെ കേന്ദ്ര ഇന്റലിജന്റ്സ് വിഭാഗത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് രത്നഗിരിയിലെ ആശുപത്രിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവശേഷം റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചത്. നോട്ടുബുക്കിലെ കുറിപ്പിൽ ഷാറൂഖ് സെയ്ഫി, നോയിഡ, കാർപന്റർ തുടങ്ങിയ വിവരങ്ങൾ പലയിടത്തായി ആവർത്തിച്ചിരുന്നു. ബാഗിലുണ്ടായിരുന്ന ഫോണിൽ സിംകാർഡ് ഉണ്ടായിരുന്നില്ല. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഫാറൂഖ്, അബ്ദുൾ ഫസൽ എൻക്ലേവ്, ജാമിയാ നഗർ, സൗത്ത് ഡൽഹി എന്ന മേൽവിലാസത്തിലുള്ള 7289865663 നമ്പർ സിം കാർഡാണ് അവസാനമായി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇത് മാർച്ച് 31ന് ഹരിയാനയിൽനിന്ന് സ്വിച്ച് ഓഫായതായും കണ്ടെത്തി. ഇതിൽനിന്ന് അവസാനം ബന്ധപ്പെട്ട ഫോണുകൾ പലതും സ്വിച്ച് ഓഫാണ്.
ഡൽഹി സൈബർ സെല്ലിന്റെ സഹായത്തോടൈ ഷാറൂഖ് ഉപയോഗിച്ച മറ്റു നമ്പറുകളും അന്വേഷകസംഘം ശേഖരിച്ചിരുന്നു. ഇതിൽ ഒന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ഓണായി. മറ്റൊരു സിം ബുധനാഴ്ച പുലർച്ചെയും പ്രവർത്തിച്ചു. പ്രതി ഒന്നിലേറെ മൊബൈൽ സിമ്മുകൾ ഉപയോഗിച്ചതായി അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിലെ കോൾ വിവരങ്ങൾ കേസിൽ നിർണായകമാകും.
യുട്യൂബും തുണച്ചു
എലത്തൂരിൽനിന്ന് കണ്ടെടുത്ത ബാഗിലെ നോട്ട് പാഡിൽ ‘ഷാറൂഖ് സെയ്ഫ് കാർപെന്ററി’ എന്ന പേരിലുള്ള യുട്യൂബ് ചാനലിന്റെ വിലാസമുണ്ടായിരുന്നു. ഇതിൽ അലമാര നിർമാണവുമായി ബന്ധപ്പെട്ട വീഡിയോയിലുള്ള ഷാറൂഖിന്റെ ചിത്രം കേസിലെ മുഖ്യസാക്ഷി മട്ടന്നൂർ സ്വദേശി റാസിഖ് തിരിച്ചറിഞ്ഞു.
അന്വേഷകസംഘം ബോഗി
പരിശോധിച്ചു
തീവയ്പ്പുണ്ടായ ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗികൾ പ്രത്യേക അന്വേഷകസംഘം പരിശോധിച്ചു. എഡിജിപി എം ആർ അജിത്കുമാർ നേതൃത്വം നൽകി. ഡി 1, ഡി 2 കോച്ചുകളാണ് പരിശോധിച്ചത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയെ രത്നഗിരിയിൽനിന്ന് പിടികൂടിയതിന് പിന്നാലെയാണ് നടപടി. ഐജി നീരജ്കുമാർ ഗുപ്ത, കണ്ണൂർ റെയ്ഞ്ച് ഡിഐജി പുട്ടവിമാലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്കുമാർ വിരലടയാള വിദഗ്ധർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മികവായി ശാസ്ത്രീയാന്വേഷണവും
നിശ്ചയദാർഢ്യവും
കോഴിക്കോട് എലത്തൂരിൽ ആലപ്പുഴ –- കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പിടികൂടിയതിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യവും പ്രത്യേകാന്വേഷക സംഘത്തിന്റെ പ്രവർത്തനമികവും. പ്രതി ട്രെയിനിൽ യാത്ര ചെയ്യുന്നെന്ന വിവരം അന്വേഷകസംഘത്തിന് ലഭിച്ചു. പ്രതിയുടെ ഫോട്ടോയും തിരിച്ചറിഞ്ഞിരുന്നു. ട്രെയിനിൽ രത്നഗിരിയിൽ എത്തിയ ഷാറൂഖ് തന്റെ ആറിൽ ഒരു ഫോൺ ഓൺ ചെയ്തു. ഇയാളുടെ ലൊക്കേഷൻ അന്വേഷകസംഘവും മുംബൈ എടിഎസും എൻഐഎ അടക്കമുള്ള ഏജൻസികളും ശേഖരിച്ചു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പ്രതിയെ തിരിച്ചറിയാൻ മുംബൈ എടിഎസിനെ സഹായിച്ചു. തുടർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രാഥമിക ചോദ്യംചെയ്യലിൽത്തന്നെ പ്രതി കുറ്റം സമ്മതിച്ചു. ഇയാളിൽനിന്ന് ഫോണും എടിഎം കാർഡുകളും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഷാറൂഖിനെ കേരളത്തിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്യാനാണ് പൊലീസ് മേധാവിയുടെ നിർദേശം.















