ന്യൂയോർക്ക്
കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും നരകത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് നീലച്ചിത്ര താരത്തിന് പണം നൽകിയെന്ന കേസിൽ അറസ്റ്റിലായശേഷം ഫ്ളോറിഡയിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ യുഎസ് പ്രസിഡന്റ്. കോടതിയിൽനിന്ന് മടങ്ങിയ ട്രംപ് മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണിക്കും കേസിൽ മേൽനോട്ടംവഹിക്കുന്ന ജഡ്ജിക്കുെമെതിരെ രൂക്ഷ വിമർശമുയർത്തി. തന്നെ വെറുക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ളയാളാണ് ജഡ്ജി. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ മകൾ പ്രവർത്തിക്കുന്നത്. കേസിന്റെ വിവരങ്ങൾ അറ്റോർണി ആൽവിൻ ബ്രാഗ് ചോർത്തിയെന്നും അദ്ദേഹമാണ് കുറ്റവാളിയെന്നും ട്രംപ് ആരോപിച്ചു. ബൈഡൻ ഭരണത്തിന് കീഴിൽ ലോകം മൂന്നാം ലോക യുദ്ധത്തിലേക്കാണ് പോകുന്നതെന്നും ട്രംപ് പറഞ്ഞു.
കേസിലെ അടുത്തഘട്ട വാദംകേള്ക്കല് ഡിസംബര് നാലിന് നടക്കും. വിചാരണ നടപടികള് 2024 ജനുവരിയില് ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെ ട്രംപിന് അപ്പീൽ സമർപ്പിക്കാം.
മാൻഹാട്ടൻ കോടതിയിൽ നടന്ന വിചാരണയിൽ 34 കുറ്റമാണ് ട്രംപിനുമേൽ ചുമത്തിയത്. കുറ്റങ്ങൾ ട്രംപ് നിഷേധിച്ചു. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പായി സ്റ്റോമി ഡാനിയേൽസിന് 1.30 ലക്ഷം ഡോളര് നല്കിയത് ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുമാണെന്നതാണ് പ്രധാന കുറ്റം. ഇതിനിടെ ട്രംപിനെതിരെ സ്റ്റോമി ഡാനിയേൽസ് മറ്റൊരു കോടതിയിൽ നൽകിയ അപകീർത്തിക്കേസിൽ 121,972 ഡോളർ ഡാനിയേൽസ് ട്രംപിന് കോടതിച്ചെലവായി നൽകണമെന്ന് വിധിച്ചു. ഒമ്പതാമത് അപ്പീൽ സർക്യൂട്ട് കോടതിയാണ് പിഴ വിധിച്ചത്.















