തിരുവനന്തപുരം
ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പിടിയിലായിട്ടും ഒഴിയാതെ ദുരൂഹത. ഷഹീൻബാഗ് സ്വദേശിയായ ഇയാൾ കേരളത്തിലെത്തിയത് എന്തിന് എന്നതടക്കം പുറത്തുവരാനുണ്ട്. കേരളത്തിലെത്തിച്ച് ചോദ്യം ചെയ്താലേ പൂർണചിത്രം തെളിയൂ. മരപ്പണിക്കാരനായ ഷാറൂഖ് 31 വരെ ഷഹീൻബാഗിലുണ്ടായിരുന്നു. പിന്നീടാണ് കേരളത്തിലേക്ക് വരുന്നത്. രണ്ടിന് രാത്രി ട്രെയിനിൽ തീവച്ചശേഷം അതേ വണ്ടിയിൽ കണ്ണൂരിലെത്തിയെന്നും പിന്നീട് വണ്ടികൾ മാറിക്കയറി രത്നഗിരിയിലെത്തിയെന്നുമാണ് പ്രാഥമിക വിവരം.
പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിൽനിന്ന് കിട്ടിയ നോട്ട്ബുക്കിൽ തിരുവനന്തപുരം, കഴക്കൂട്ടം, കുളച്ചൽ, കന്യാകുമാരി തുടങ്ങി നിരവധി സ്ഥലനാമങ്ങളും പരാമർശിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം നേരത്തേ എത്തിയിരുന്നുവെന്ന സംശയവും അന്വേഷക സംഘത്തിനുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരണം. ആവശ്യമെങ്കിൽ ഇവിടങ്ങളിലെത്തിച്ച് തെളിവെടുപ്പും വേണ്ടിവരും. പ്രതി ഒറ്റയ്ക്കാണോ കൃത്യം നിർവഹിച്ചത് എന്നതാണ് പൊലീസ് തെരയുന്ന മറ്റൊരു പ്രധാന കാര്യം. ആരുടെയെങ്കിലും സംരംക്ഷണമില്ലാതെ അതിവേഗം അക്രമം നടത്തി സംസ്ഥാനം വിടാനാകുമോയെന്ന് പൊലീസ് സംശയിക്കുന്നു.
പ്രൊഫഷണൽ കുറ്റവാളികൾ സ്വീകരിക്കുന്ന രീതിയല്ല ഷാറൂഖ് അക്രമത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. പെട്രോളൊഴിച്ച് ട്രെയിൻ കത്തിക്കാനുള്ള ശ്രമം പാളിപ്പോയതാണോ എന്നതടക്കമുള്ള കാര്യങ്ങളിലും വ്യക്തത വരണം.
തീവയ്പ് ആസൂത്രിതം
എലത്തൂരിലെ ട്രെയിൻ തീവയ്പ് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതെന്ന് സംശയം. പ്രതി ഷാറൂഖ് സെയ്ഫി അറസ്റ്റിലായെങ്കിലും ഇയാൾക്ക് പുറമെ നിന്ന് സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷകസംഘം. തീവ്രവാദ സംഘടനകളുമായി ഇയാൾ ബന്ധപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. എന്നാൽ, ഇയാൾക്ക് മാനസികപ്രശ്നങ്ങളൊന്നുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 31നാണ് ഇയാളെ നാട്ടിൽ നിന്ന് കാണാതായതെന്ന് 2ന് പൊലീസിൽ പിതാവ് പരാതി നൽകിയിരുന്നു. അന്ന് തന്നെ ട്രെയിൻ മാർഗം കേരളത്തിലേക്ക് തിരിച്ചുവെന്നാണ് കരുതുന്നത്. ട്രെയിനിൽ ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നില്ല ആക്രമണം. പരിക്കേറ്റവരും ട്രാക്കിൽ വീണ് മരിച്ചവരുമായും പ്രതിക്ക് ബന്ധമില്ല.
ആക്രമണത്തിനുശേഷം പ്രതി രക്ഷപ്പെട്ട മാർഗമാണ് അന്വേഷകസംഘത്തെ കുഴക്കുന്നത്. സംഭവസമയത്ത് പ്രതി ധരിച്ചിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്ന ചുവന്ന ഷർട്ട് ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. വസ്ത്രം മാറിയശേഷമാണ് രക്ഷപ്പെട്ടതെന്ന് ഇത് വ്യക്തമാക്കുന്നു. രക്ഷപ്പെടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും തെളിയണം. സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇത് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.
പ്രതി നിരവധി ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷകസംഘം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. ഇത് 31ന് ഉച്ചയ്ക്ക് ഹരിയാനയിൽവച്ച് സ്വിച്ച് ഓഫായിരുന്നു. ഫാറൂഖ് എന്ന ആളുടെ പേരിലുള്ള സിമ്മിലാണ് അവസാനം കോൾ പോയത്. കോൾലിസ്റ്റനുസരിച്ചു പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫോണുകളിൽ പലതും സ്വിച്ച് ഓഫാണ്. അതാണ് സംശയമുണർത്തുന്നത്.
ഞായറാഴ്ച സംഭവശേഷം പ്രതി എവിടെ ഒളിവിൽ കഴിഞ്ഞു എന്നതിലും വ്യക്തത വന്നില്ല. പൊള്ളലേറ്റയാൾ ചികിൽസയില്ലാതെ ട്രെയിനിൽ ഇത്ര ദൂരം യാത്ര ചെയ്തുവെന്നതും പ്രതി സംഭവസ്ഥലത്ത് നിർണായക വിവരങ്ങൾ അടങ്ങുന്ന ബാഗ് ഉപേക്ഷിച്ചതിലും ദുരൂഹതയുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ടതാകാമെന്നാണ് കരുതുന്നത്.















