ന്യൂഡൽഹി
തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ നിഷേധിക്കുന്ന ബിജെപി ഭരണത്തെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് ഡൽഹിയിൽ മസ്ദൂർ–-കിസാൻ സംഘർഷ് റാലി. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാളികൾ കോർപറേറ്റ്–- വർഗീയ കൂട്ടുകെട്ടിനും കൊള്ളയ്ക്കും എതിരായി ഒത്തുചേർന്നപ്പോൾ രാജ്യതലസ്ഥാനം ചെങ്കടലായി. അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില് പതിനായിരങ്ങള് അണിചേര്ന്നു.
തൊഴിലാളികളുടെയും കർഷകരുടെയും ഐക്യപോരാട്ടങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കാൻ വർഗീയധ്രുവീകരണം സൃഷ്ടിക്കുന്ന ബിജെപി തന്ത്രത്തെ പ്രതിരോധിക്കാൻ റാലി ആഹ്വാനം ചെയ്തു. രാജ്യത്തെ മോചിപ്പിക്കാൻ വിപുലമായ പ്രസ്ഥാനം കെട്ടിപ്പടുക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു. ശിങ്കിടിമുതലാളിത്ത നയങ്ങൾ പിന്തുടരുന്ന മോദിസർക്കാരിന് വരുംനാളുകളിൽ അതിശക്തമായ പോരാട്ടങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായി റാലി മാറി.
കന്യാകുമാരി മുതൽ കശ്മീർ വരെയും ഗുജറാത്ത് മുതൽ മണിപ്പുർവരെയും ഉള്ള തൊഴിലാളികളും കർഷകരും അണിനിരന്ന റാലി ഇന്ത്യയുടെ വൈവിധ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി. പതിനായിരക്കണക്കിന് സ്ത്രീകൾ പങ്കാളികളായി. രാംലീല മൈതാനത്ത് രാവിലെ എട്ടോടെ തുടങ്ങിയ കലാപരിപാടികൾ 11.30വരെ നീണ്ടു. പൊതുസമ്മേളനം പുരോഗമിക്കുമ്പോഴും മൈതാനത്തേക്ക് ജനങ്ങൾ പ്രവഹിച്ചു.നേതാക്കളായ കെ ഹേമലത, തപൻ സെൻ, അശോക് ധാവ്ളെ, വിജൂ കൃഷ്ണൻ, എ വിജയരാഘവൻ, ബി വെങ്കട്, സ്വാഗതസംഘം ചെയർമാനും വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പ്രഭാത് പട്നായിക് എന്നിവരും കേന്ദ്ര–-സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ ഫെഡറേഷനുകളുടെയും ബാങ്ക്, ഇൻഷ്വറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകളുടെയും നേതാക്കളും സംസാരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോൽപ്പൽ ബസു എന്നിവർ അഭിവാദ്യം ചെയ്തു.