കോഴിക്കോട്
ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ തീയിട്ടയാളുടേതെന്ന് കരുതുന്ന വീഡിയോദൃശ്യം മുഖ്യസാക്ഷി തിരിച്ചറിഞ്ഞു. ഡൽഹി ഷഹിൻബാഗ് സ്വദേശിയും യുപി നോയിഡയിൽ ജോലിക്കാരനുമായ ഷാറൂഖ് സെയ്ഫാണിതെന്നാണ് നിഗമനം. തീവെപ്പുണ്ടായ എലത്തൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലെ നോട്ട്പാഡിൽനിന്നാണ് ദൃശ്യം ലഭിച്ചത്. പൊള്ളലേറ്റ് ചികിത്സയിലുള്ള മട്ടന്നൂർ സ്വദേശി റാഫിഖാണ് തിരിച്ചറിഞ്ഞത്.
പ്രതിയെ തേടി അന്വേഷകസംഘം നോയിഡയിലേക്ക് പോയി. രേഖാചിത്രവുമായി രൂപ സാദൃശ്യമുള്ള യുപി–-ഡൽഹി സംസ്ഥാനങ്ങളിലെ മൂന്ന് പേരുടെ വിവരം പോലീസ് ശേഖരിച്ചു. ഇതിൽ നിന്നാണ് ഷഹിൻബാഗ് സ്വദേശിയെ തേടുന്നത്. കോഴിക്കോട് റെയിൽവേ എസ്ഐയും സീനിയർ സിവിൽ പൊലീസ് ഓഫീസറുമടക്കമുള്ള സംഘമാണ് തിങ്കളാഴ്ച ഡൽഹിയിലെത്തിയത്. രണ്ടാമത്തെ സംഘവും ഉടൻ തിരിക്കും.
എന്നാൽ, ഇയാളെ കഴിഞ്ഞ 31 മുതൽ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതായി ഷാറൂഖിന്റെ ബാപ്പ ഫക്രുദീൻ സെയ്ഫി നോയിഡയിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിവിധ അന്വേഷണ ഏജൻസികളും ഇവരുടെ വീട്ടിലെത്തി.
പ്രതി കൃത്യനിർവഹണത്തിനുശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് അന്വേഷകസംഘം കരുതുന്നത്. ഇയാളുടെ ആധാർ ഉൾപ്പെടെ വ്യക്തിവിവരങ്ങൾ ശേഖരിച്ചു. ബാഗിൽനിന്ന് ലഭിച്ച മൊബൈൽ ഫോൺ സൈബർസെൽ പരിശോധിച്ചു. 31ന് ഉച്ചയോടെ ഡൽഹിയിലെ ഗാസിയാബാദിൽവച്ച് ഇത് സ്വിച്ച് ഓഫായതായി കണ്ടെത്തി. വ്യാജമേൽവിലാസത്തിലാണ് സിം എടുത്തത്. ഇതിൽനിന്ന് കേരളത്തിലേക്ക് വിളികൾ വന്നിട്ടില്ല. ആശാരിപ്പണി അറിയുന്ന ഇയാൾ കേരളത്തിൽ മുമ്പ് വന്നിരിക്കാനുള്ള സാധ്യതയും അന്വേഷകസംഘം തള്ളുന്നില്ല. മകന് ആശാരിപ്പണി അറിയാമെന്നും എന്നാൽ, കേരളവുമായി ബന്ധമില്ലെന്നും ബാപ്പ പറഞ്ഞു.