ന്യൂഡൽഹി
ഐപിഎൽ ക്രിക്കറ്റിൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന് തുടർച്ചയായ രണ്ടാംജയം. ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ഡൽഹിയുടെ രണ്ടാം തോൽവിയാണ്.
സ്കോർ: ഡൽഹി 8–-162, ഗുജറാത്ത് 4–-163 (18.1)
തമിഴ്നാട്ടുകാരൻ സായ് സുദർശനാണ് വിജയമൊരുക്കിയത്. മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ ഇരുപത്തൊന്നുകാരൻ 48 പന്തിൽ 62 റണ്ണെടുത്ത് പുറത്താകാതെനിന്നു. നാല് ഫോറും രണ്ട് സിക്സറും നേടി. ഡേവിഡ് മില്ലർ 16 പന്തിൽ 31 റണ്ണുമായി പിന്തുണ നൽകി. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയെയും ശുഭ്മാൻ ഗില്ലിനെയും (ഇരുവരും 14) ബൗൾഡാക്കി പേസർ ആൻറിച്ച് നോർത്യേ ഗുജറാത്തിനെ ഞെട്ടിച്ചതാണ്. എന്നാൽ, സായ് സുദർശനും വിജയ് ശങ്കറും (29) വിജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അഞ്ച് റണ്ണാണെടുത്തത്.
ക്യാപ്റ്റൻ ഡേവിഡ് വാർണർ (32 പന്തിൽ 37), അക്സർ പട്ടേൽ (22 പന്തിൽ 36), സർഫ്രാസ് ഖാൻ (34 പന്തിൽ 30) എന്നിവരുടെ ഇന്നിങ്സുകളാണ് ഡൽഹിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. പൃഥ്വി ഷായും (5 പന്തിൽ 7) മിച്ചെൽ മാർഷും (4 പന്തിൽ 4) മങ്ങി. ഗുജറാത്തിനായി മുഹമ്മദ് ഷമിയും സ്പിന്നർ റഷീദ് ഖാനും മൂന്നുവീതം വിക്കറ്റുമായി തിളങ്ങി. അൽസാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഡൽഹിയുടെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്ത് മത്സരം കാണാനെത്തിയിരുന്നു. കാറപകടത്തെ തുടർന്ന് വിശ്രമത്തിലുള്ള പന്തിന് ഈ സീസൺ ഐപിഎൽ പൂർണമായും നഷ്ടമായി.