ഗുവാഹത്തി
ശിഖർ ധവാന്റെയും പ്രഭ്സിമ്രാൻ സിങ്ങിന്റെയും മിന്നുന്ന ബാറ്റിങ് പ്രകടനം ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തുടർച്ചയായ രണ്ടാംജയമൊരുക്കി. രാജസ്ഥാൻ റോയൽസിനെ അഞ്ച് റണ്ണിന് വീഴ്ത്തി. പഞ്ചാബ് ഉയർത്തിയ 198 റൺ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 192ൽ അവസാനിപ്പിച്ചു.
സ്കോർ: പഞ്ചാബ് 4–-197, രാജസ്ഥാൻ 7–-192
ധവാൻ 56 പന്തിൽ 86 റണ്ണുമായി പുറത്താകാതെനിന്നു. പ്രഭ്സിമ്രാൻ 34 പന്തിൽ 60 റൺ നേടി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 58 പന്തിൽ 90 റണ്ണാണ്.
രാജസ്ഥാനായി ക്യാപ്റ്റൻ സഞ്ജു സാംസണും (25 പന്തിൽ 42) ഷിംറോൺ ഹെറ്റ്മെയറും (18 പന്തിൽ 36) സ്വാധീനതാരം ധ്രുവ് ജുറെലും (15 പന്തിൽ 32*) പൊരുതിയെങ്കിലും മതിയായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് തകർത്തടിച്ചു. പ്രഭ്സിമ്രാൻ–-ധവാൻ സഖ്യം രാജസ്ഥാൻ ബൗളർമാരെ നിലയുറപ്പിക്കാൻ വിട്ടില്ല. മൂന്ന് സിക്സറും ഏഴ് ഫോറുമായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിങ്സിൽ. ധവാൻ മൂന്ന് സിക്സറും ഒമ്പത് ഫോറും പറത്തി. ജിതേഷ് ശർമ 16 പന്തിൽ 27 റണ്ണെടുത്ത് പുറത്തായി.
മലയാളി പേസർ കെ എം ആസിഫിനും സ്പിന്നർ യുശ്വേന്ദ്ര ചഹാലിനുമാണ് രാജസ്ഥാൻ ബൗളർമാരിൽ കൂടുതൽ ശിക്ഷ കിട്ടിയത്. ആസിഫ് നാലോവറിൽ വഴങ്ങിയത് 54 റൺ. ചഹാൽ നാലോവറിൽ 50 റൺ വിട്ടുകൊടുത്തു.















