മഞ്ചേരി
പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾമഴ പെയ്യിച്ച് ഗോകുലത്തിന്റെ തുടക്കം. മുഹമ്മദൻസ് സ്പോട്ടിങ് ക്ലബ്ബിനെ 5–-2ന് തകർത്താണ് ഗോകുലം കേരള സൂപ്പർ കപ്പിന് യോഗ്യത നേടിയത്. ആദ്യനിമിഷങ്ങളിൽത്തന്നെ ഗോകുലം മുന്നേറ്റം തുടങ്ങി. 11–-ാംമിനിറ്റിൽ മധ്യനിരക്കാരൻ ജൂലിയൻ ഒമർ റാമോസ് ഗോകുലത്തിനായി ആദ്യഗോൾ നേടി. ബോക്സിൽ ലഭിച്ച പാസ് റാമോസ് വലയിലാക്കി. ഇരുടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കിയതോടെ കളി ആവേശത്തിലായി. ആദ്യ പകുതിയിൽത്തന്നെ മുഹമ്മദൻസ് സ്കോർ സമനിലയിലെത്തിച്ചു. മധ്യനിരക്കാരൻ കിയാൻ ലൂയിസ് ഇടതുപാർശ്വത്തിലൂടെ നൽകിയ ക്രോസ് മുന്നേറ്റക്കാരൻ അബിയോള വലയിലെത്തിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തിൽത്തന്നെ ഗോകുലം രണ്ടാംഗോൾ കണ്ടെത്തി. 47–-ാംമിനിറ്റിൽ സൗരവാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. ആഘോഷം അവസാനിക്കുംമുമ്പ് 48–-ാംമിനിറ്റിൽ ആബിയോള വീണ്ടും മുഹമ്മദൻസിനായി വലകുലുക്കി. 64–-ാംമിനിറ്റിൽ മധ്യനിരക്കാരനായ അഫ്ഗാൻ താരം ഫർഷാദ് നൂറിന്റെ ഒറ്റയാൾ മുന്നേറ്റം ഗോകുലത്തിന് മൂന്നാംഗോൾ സമ്മാനിച്ചു. പോസ്റ്റിന്റെ വലതുമൂലയിൽനിന്ന് നൂർ തൊടുത്ത ഷോട്ടിനുമുന്നിൽ മുഹമ്മദൻസ് ഗോൾ കീപ്പർ സത്യജിത് ബൊർദോളൊ കാഴ്ചക്കാരനായി.
പകരക്കാരനായെത്തിയ താഹിർ സമാനാണ് ഗോകുലത്തിന്റെ നാലാംഗോൾ നേടിയത്. പ്രതിരോധക്കാരൻ അമിനോ ബൗബ നീട്ടിനൽകിയ ബോൾ ഇടതുപാർശ്വത്തിലൂടെ പ്രതിരോധനിരയെ കടന്ന് താഹിർ വലയിലാക്കി.താഹിർ സമാന്റെ ഫ്രീ കിക്കാണ് അഞ്ചാംഗോളിന് വഴിയൊരുക്കിയത്. ബോക്സിനകത്ത് കാലിൽ കിട്ടിയ പന്ത് അബ്ദുൾ ഹക്കു ഗോളാക്കി.സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് ഗോകുലം. ഐഎസ്എൽ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പുർ എഫ്സി ടീമുകളും ഗ്രൂപ്പിലുണ്ട്.















