കോഴിക്കോട്
ആലപ്പുഴ -–-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആർപിഎഫ് പ്രിൻസിപ്പൽ സെക്യൂരിറ്റി കമീഷണർ ജി എം ഈശ്വരറാവു പറഞ്ഞു. സംഭവമുണ്ടായ എലത്തൂരിലെ റെയിൽവേ ട്രാക്കും മൂന്നുപേർ മരിച്ച സ്ഥലവും അദ്ദേഹം സന്ദർശിച്ചു.
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ മുന്തിയ പരിഗണന നൽകും. കൂടുതൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ചെറിയ സ്റ്റേഷനുകളിൽ ഉൾപ്പെടെ കാമറ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്ത് അലംഭാവമുണ്ടായോയെന്നും പരിശോധിക്കും. സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. ആരെയും ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടില്ല. അന്വേഷകസംഘത്തിനാവശ്യമായ വിവരങ്ങളും സഹായങ്ങളും റെയിൽവേ നൽകുന്നുണ്ട്. തീവ്രവാദബന്ധമുണ്ടോ എന്ന് അന്വേഷകസംഘമാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷൻ സെക്യൂരിറ്റി കമീഷണർ അനിൽകുമാർ എസ് നായർ, റെയിൽവേ പൊലീസ് സിഐ സുധീർ മനോഹർ, എസ്ഐ അപർണ അനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
എൻഐഎയും ആർപിഎഫും
ബോഗികൾ പരിശോധിച്ചു
യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ആലപ്പുഴ –– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗികൾ എൻഐഎ സംഘവും ആർപിഎഫ് ഐജിയും പരിശോധിച്ചു. എൻഐഎയുടെ ബംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നുമുള്ള സംഘമാണ് കണ്ണൂർ സ്റ്റേഷൻ യാർഡിൽ റെയിൽവേ പൊലീസ് സീൽചെയ്ത് സൂക്ഷിച്ച ഡി 1, ഡി 2 കോച്ചുകൾ പരിശോധിച്ചത്. അന്വേഷണത്തിൽ തൃപ്തനാണെന്നും റെയിൽവേയുടെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും ബോഗികൾ പരിശോധിച്ചശേഷം ആർപിഎഫ് ഐജി ജി എം ഈശ്വര റാവു പ്രതികരിച്ചു.
അന്വേഷണം പ്രാഥമിക
ഘട്ടത്തിലെന്ന് എഡിജിപി
ആലപ്പുഴ–- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെച്ച കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. നടക്കാവിൽ ഉത്തരമേഖല ഐജി ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്തശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നത്. ഓരോ വിഭാഗവുമായി തിരിച്ച് ചുമതല നിശ്ചയിച്ചിട്ടുണ്ട്. ഇവർ ഓരോ ടീമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഉത്തരമേഖല ഐജി നീരജ് കുമാർ ഗുപ്ത, സിറ്റി പൊലീസ് കമീഷണർ രാജ് പാൽ മീണ, പ്രത്യേക അന്വേഷകസംഘത്തലവൻ പി വിക്രമൻ, റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹർ എന്നിവരും മറ്റ് സംഘാംഗങ്ങളും പങ്കെടുത്തു. രാവിലെ പത്തരക്ക് തുടങ്ങിയ യോഗം ഉച്ചക്ക് രണ്ടുവരെ നീണ്ടു. ഒന്നരയോടെ റെയിൽവേ ദക്ഷിണമേഖല പ്രിൻസിപ്പൽ സെക്യൂരിറ്റി കമീഷണർ ജി എം ഈശ്വരറാവു യോഗസ്ഥലത്തെത്തി. തുടർന്ന് എഡിജിപിയും ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. ഫോറൻസിക്, സൈബർ സെൽവിഭാഗം ഉദ്യോഗസ്ഥരെയും യോഗസ്ഥലത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. യോഗശേഷം അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എലത്തൂരിൽ സംഭവം നടന്ന സ്ഥലം സന്ദർശിച്ചു.
രാത്രി ട്രെയിനുകളിൽ
സുരക്ഷ പേരിനുമാത്രം
രാത്രി ഓടുന്ന ട്രെയിനുകളിൽ ആവശ്യത്തിന് റെയിൽവേ പൊലീസോ ആർപിഎഫോ ഇല്ല. വൈകിട്ട് ആറിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതാണെങ്കിലും ആൾക്ഷാമംമൂലം പാലിക്കപ്പെടുന്നില്ല. പകൽ എസി കോച്ചുകളിൽമാത്രമാണ് പൊലീസുകാരെ നിയോഗിക്കുന്നത്.
രാത്രികാല ട്രെയിനുകളിൽ എല്ലാ കോച്ചിലും റെയിൽവേ പൊലീസ് അല്ലെങ്കിൽ ആർപിഎഫ് ഡ്യൂട്ടിയിലുണ്ടാകണമെന്നാണ് നിയമം. പക്ഷേ, ഒരു ട്രെയിനിലേക്ക് ആകെ മൂന്നോ നാലോപേരെമാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. വനിതാ കംപാർട്ടുമെന്റുകൾക്ക് പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരുമില്ല.
ദീർഘദൂര ട്രെയിനുകളിൽ ആദ്യഘട്ടത്തിൽ രണ്ടു കോച്ചിന് ഒന്ന്, അടുത്തഘട്ടത്തിൽ മൂന്ന് കോച്ചിന് ഒരാൾ, തൊട്ടടുത്തഘട്ടത്തിൽ അഞ്ച് കോച്ചിന് ഒരാൾ എന്ന തോതിൽ ടിടിഇമാരെ നിയോഗിക്കണമെന്നാണ് നിയമം. എന്നാൽ, അഞ്ച് കോച്ചുകൾക്ക് ഒന്ന് എന്ന തോതിലാണ് നിയോഗിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടേത് ഉൾപ്പെടെ അനുവദിക്കപ്പെട്ട ഒഴിവുകളിൽ 5000 പേരുടെ കുറവാണ് നിലവിലുള്ളത്.
നിർത്തലാക്കിയ തസ്തികയും ഒഴിവുകളും ഇതിനുപുറമെയാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് ഔട്ട് പോസ്റ്റ് വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റേഷനുകളിൽ മാത്രമാണുള്ളത്.
പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരം
ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വച്ച് പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നാലുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കതിരൂർ പൊന്ന്യം വെസ്റ്റ് നായനാർ റോഡ് പൊയ്യിൽ വീട്ടിൽ അനിൽകുമാറാ(52) ണ് പ്ലാസ്റ്റിക്ക് സർജറി അതിതീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. മുഖത്തും കഴുത്തിലുമായി അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റു. ഐസിയുവിലുള്ള മകൻ അദ്വൈത് സുഖംപ്രാപിച്ചു വരുന്നു.
കൈകൾക്ക് പരിക്കേറ്റ അനിൽകുമാറിന്റെ ഭാര്യ സജിഷയും ആശുപത്രിയിലുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ തളിപ്പറമ്പ് പട്ടുവം വീട്ടിൽ എം റൂബി ചൊവ്വ വീട്ടിലേക്ക് മടങ്ങി. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി പ്രിൻസ്, ഭാര്യ അശ്വതി ചന്ദ്രൻ, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് എന്നിവരെ മുറിയിലേക്ക് മാറ്റി.
ചികിത്സച്ചെലവ് : കെെയൊഴിഞ്ഞ് റെയിൽവേ
ആലപ്പുഴ –-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീവയ്പിൽ പരിക്കേറ്റവരുടെ ചികിത്സാ ഉത്തരവാദിത്വത്തിൽനിന്ന് കൈയൊഴിഞ്ഞ് റെയിൽവേ. സംഭവത്തിൽ ഒമ്പതുപേർക്കാണ് സാരമായി പരിക്കേറ്റത്. ചികിത്സാച്ചെലവുകൾ സംബന്ധിച്ച് റെയിൽവേ ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആക്രമണത്തിൽ പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എൻജിനിയർ പ്രിൻസ്, ഭാര്യ തൃശൂർ മണ്ണുത്തി സ്വദേശി അശ്വതി എന്നിവർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാണ് റെയിൽവേ ഉദ്യോഗസ്ഥർ നിർദേശിച്ചത്.