തിരുവനന്തപുരം
സിപിഐ എമ്മിന്റെയും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെയും നേതാവായിരുന്ന സുനിത് ചോപ്രയുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു. വിദ്യാർഥി–- യുവജന പ്രസ്ഥാനത്തിലൂടെ കടന്നുവന്ന സുനീത് ചോപ്ര കർഷക തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുകയുണ്ടായി.
സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഹിന്ദിമേഖലയിൽ സ്വാധീനം വർധിപ്പിക്കാനായി യത്നിച്ച സുനീത് ചോപ്ര നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിലെ പാർടിയുമായും ബഹുജന സംഘടനകളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. സംസ്ഥാനത്തെ പല സമരമുഖങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
ലണ്ടനിൽ പഠിക്കുന്ന കാലംമുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയ സുനീത് ചോപ്ര പലസ്തീൻ വിമോചന പ്രസ്ഥാനത്തിലും ഭാഗഭാക്കായി. സുനിത് ചോപ്രയുടെ നിര്യാണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്–- എം വി ഗോവിന്ദൻ പറഞ്ഞു.