ചെങ്ങന്നൂർ
പ്രസവിച്ച ഉടൻ അമ്മ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിന് രക്ഷകരായി ചെങ്ങന്നൂർ പൊലീസ്. അമിത രക്തസ്രാവവുമായി ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിൽ എത്തിയ മുളക്കുഴ സ്വദേശിനി പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായുമാണ് ഡോക്ടറെ അറിയിച്ചത്. എന്നാൽ, കുഞ്ഞ് ബക്കറ്റിൽ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്ത മകൻ പറഞ്ഞതോടെ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയ പൊലീസിനോട് വാടക വീട്ടിലെ ബക്കറ്റിൽ കുഞ്ഞിനെ ഉപേക്ഷിച്ചതായി യുവതി സമ്മതിച്ചു. ഉടൻ വീട്ടിലെത്തിയ പൊലീസ് ബക്കറ്റിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തി. ജീവന്റെ തുടിപ്പുണ്ടന്ന് മനസ്സിലാക്കിയ എസ് ഐ എം സി അഭിലാഷ് ബക്കറ്റോടെ കുഞ്ഞിനെയുമെടുത്ത് പൊലീസ് വാഹനത്തിലേക്ക് ഓടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധിയാളുകൾ പങ്കിട്ടു. സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്കുശേഷം കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 1.3 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഒമ്പത് മാസം തികയാതെ ജനിച്ച കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് കുഞ്ഞുജീവൻ രക്ഷപ്പെടുത്തിയത്.