‘മുമ്പേ പറക്കുന്ന പക്ഷികൾ’ എന്ന് കർഷകരെയും തൊഴിലാളികളെയും വിശേഷിപ്പിക്കാൻ കാരണങ്ങളേറെ. സംസ്കാരത്തിന്റെയും പോരാട്ടങ്ങളുടെയും നേരവകാശികൾ ഈ ജനവിഭാഗങ്ങളാണ്. രാജ്യം നേരിടുന്ന വിപത്തുകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിലും കർഷകരും തൊഴിലാളികളും മുമ്പേ പറക്കുകയാണ്. ഗുജറാത്ത് വികസനത്തെ ‘മോദാനി മോഡൽ’ എന്ന് ആദ്യം വിശേഷിപ്പിച്ചത് കർഷകരാണ്. വർഗീയത തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിന്റെ അപകടം കണ്ടറിഞ്ഞ് ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കാൻ മുൻകൈ എടുത്തതും ട്രേഡ് യൂണിയൻ പ്രസ്ഥാനമാണ്. കോർപറേറ്റ്– -വർഗീയ കൂട്ടുകെട്ട് രാജ്യത്ത് ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ അതിശക്തമായ പ്രതിരോധനിര ഉയർത്തുകയാണ് തൊഴിലാളികളും കർഷകരും. ബുധനാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന മസ്ദൂർ–-കിസാൻ സംഘർഷ് റാലി ഈ ലക്ഷ്യത്തോടെയുള്ള മുന്നേറ്റമാണ്.
മോദി ഭരണം പിന്നിട്ട എട്ട് വർഷം രാജ്യത്ത് ആത്മഹത്യ ചെയ്തത് ലക്ഷത്തിൽപ്പരം കർഷകരാണ്. ദിവസക്കൂലിക്കാരായ രണ്ടര ലക്ഷം തൊഴിലാളികളും സ്വയം ജീവനൊടുക്കി. കടക്കെണിയും ദാരിദ്ര്യവുമാണ് അവരെ ഇതിലേക്ക് തള്ളിവിട്ടത്. മറുവശത്ത് സർക്കാർ പിന്തുണയിൽ കോർപറേറ്റുകൾ തടിച്ചുകൊഴുക്കുന്നു. കോർപറേറ്റുകൾക്ക് ദശലക്ഷക്കണക്കിന് രൂപയുടെ ഇളവുകൾ നൽകുന്ന കേന്ദ്രം കർഷകർ വിളയിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നില്ല. 2020–-2021ൽ നാനൂറോളം ദിവസം നീണ്ട ഐതിഹാസിക കർഷകപ്രക്ഷോഭത്തെ തുടർന്ന് കേന്ദ്രം നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചിട്ടില്ല. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമാക്കിയിട്ടില്ല. കർഷക വിരുദ്ധമായ വൈദ്യുതിനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല. ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ നാല് കർഷകരെ കാറിടിച്ച് കൊന്ന സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ആരോപണവിധേയനായ അജയ് മിശ്ര കേന്ദ്ര ആഭ്യന്തരസഹമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല. ഇദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്ര കേസിൽ പ്രതിയാണ്.
മർമപ്രധാനമായ ആവശ്യങ്ങൾ നേടിയെടുക്കാൻ സന്ധിയില്ലാസമരം മാത്രമാണ് വഴിയെന്ന് കർഷകർക്കറിയാം. മഹാരാഷ്ട്രയിൽ നാസിക്കിലെ കർഷകർ ഈയിടെ നടത്തിയ ലോങ്മാർച്ച് ഉദാഹരണം. ഉള്ളി, പരുത്തി, തക്കാളി അടക്കമുള്ള വിളകൾക്ക് മിനിമം താങ്ങുവില, വനാവകാശനിയമങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി മുംബൈയിലേക്ക് കാൽനടയായി പതിനായിരക്കണക്കിന് കർഷകർ നീങ്ങിയപ്പോൾ മഹാരാഷ്ട്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കി. കടാശ്വാസവും കൈവശഭൂമിക്ക് പട്ടയവും ആവശ്യപ്പെട്ട് 2018ൽ നാസിക്കിലെ കർഷകർ നടത്തിയ ലോങ്മാർച്ചും വിജയകരമായി. ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി നീക്കത്തിനെതിരെ 2015ൽ ഭൂമി അധികാർ ആന്ദോളൻ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തെതുടർന്ന് മോദിസർക്കാർ ഓർഡിനൻസ് പിൻവലിച്ചു. അതേസമയം അദാനിയെയും അംബാനിയെയുംമാത്രം പോഷിപ്പിക്കുന്ന നയത്തിൽനിന്ന് കേന്ദ്രം പിൻവാങ്ങാതെ ജനങ്ങളുടെ ദുരിതത്തിന് അന്ത്യംകുറിക്കാനാകില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ രാജ്യത്ത് രൂപംകൊള്ളേണ്ടത് കർഷകരുടെയും തൊഴിലാളികളുടെയും രക്ഷയ്ക്ക് അനിവാര്യമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയമാറ്റത്തിനായി രാജ്യത്തെ മാറ്റിമറിക്കാനുള്ള പോരാട്ടങ്ങളിലേക്ക് തൊഴിലാളികളും കർഷകരും നീങ്ങുകയാണ്.