കൊച്ചി
സഞ്ചാരികളെ വരവേൽക്കാൻ കൊച്ചിയിൽ ഇനി കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാരയാനമായ “സൂര്യാംശു’വും. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് (കെഎസ്ഐഎൻസി) ചെയർമാൻ കെ ടി ചാക്കോ സൂര്യാംശുവിന്റെ ആദ്യയാത്ര ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎൻസി ക്രൂസ് ടെർമിനലിൽ ഫ്ലാഗ്ഓഫ് ചെയ്തു.
എംഡി ആർ ഗിരിജ, ടെക്നിക്കൽ മാനേജർ കെ ആർ അനൂപ്, കൊമേഷ്യൽ മാനേജർ സിറിൽ വി എബ്രഹാം എന്നിവരടങ്ങുന്നതായിരുന്നു ആദ്യ യാത്രാസംഘം. കടമക്കുടിക്കുസമീപംവരെയായിരുന്നു യാത്ര. അഞ്ചര മണിക്കൂർ യാത്രയ്ക്ക് 799 രൂപയുടെയും ആറര മണിക്കൂറിന് 999 രൂപയുടെയും പാക്കേജുകളാണ് ലഭ്യമാക്കുന്നത്. ഏപ്രിൽ രണ്ടാംവാരത്തോടെ സർവീസ് ആരംഭിക്കും.
ശ്രീലങ്കയിലെ സൊലാസ് മറൈൻ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പൽനിർമാണ സ്ഥാപനമാണ് ‘സൂര്യാംശു’ നിർമിച്ചത്. ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാൻ ഇരട്ട ‘ഹൾ’ ഉള്ള ആധുനിക കറ്റമരൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കെഎസ്ഐഎൻസിയുടെ ഉടമസ്ഥതയിലുള്ള എയർകണ്ടീഷൻ യാനത്തിൽ ലോവർ ഡെക്കിൽ 78 പേർക്കും അപ്പർ ഡെക്കിൽ 22 പേർക്കും സഞ്ചരിക്കാം.