ന്യൂഡൽഹി
തനിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യേണ്ടിയിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൂറത്ത് സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് ഈ വാദം ഉന്നയിച്ചത്. കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം അനുവദിച്ചു.
നരേന്ദ്ര മോദിയെമാത്രം ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ് നടത്തിയത്. അതിൽ അപകീർത്തിക്കേസ് ഫയൽ ചെയ്യേണ്ടത് അദ്ദേഹമാണ്. പരാതി നൽകാൻ ബിജെപി എംഎൽഎ പുർണേഷ് മോദിക്ക് നിയമപരമായ അവകാശമില്ല. മോദിയെന്ന നാമം 13 കോടി പേർക്കുണ്ടെന്നാണ് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞത്. 13 കോടി പേർക്കും പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ കേസ് കൊടുക്കാമെന്ന സാഹചര്യം നിയമപരമായി നിലനിൽക്കില്ലെന്നും രാഹുൽ പറഞ്ഞു. കേസ് 13ന് വീണ്ടും പരിഗണിക്കും.