തിരുവനന്തപുരം
കെഎസ്ആർടിസി മാനേജ്മെന്റ് തലത്തിൽ അധികാര വികേന്ദ്രീകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടിരുന്നെങ്കിലും വേണ്ടവിധം നടന്നില്ല. ചില ശീലങ്ങളിൽനിന്ന് വിട്ടുപോകാനുള്ള വിഷമങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ 131 കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ അർഥത്തിലും എക്സിക്യൂട്ടീവ് ഡയറക്ടർമാരായി മാറാനുള്ള യോഗ്യതയും ശേഷിയും ആ തലത്തിലുള്ളവർക്ക് ഉണ്ടാകണം. കാര്യനിർവഹണ പ്രാപ്തിയുള്ളവർ മേഖലാതലത്തിൽ തലപ്പത്തുണ്ടാകണം.
കെഎസ്ആർടിസി അഭിവൃദ്ധിപ്പെടണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള ശ്രമമാണ് ജീവനക്കാരും മാനേജ്മെന്റും സർക്കാരുമെല്ലാം നടത്തുന്നത്. പ്രതീക്ഷിക്കുന്ന ഫലം വൈകാതെ ഉണ്ടാക്കാനാകും–- അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി.
















