തൃശൂർ
അവണൂരിൽ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ നേരിയ സംശയമുനയിൽ പിടിച്ചുകയറിയ പൊലീസ് തെളിയിച്ചത് മകന്റെ കൊടുംക്രൂരത. എടക്കുളം അമ്മാനത്ത് ശശീന്ദ്രനാ(57)ണ് കൊല്ലപ്പെട്ടത്. ഭക്ഷ്യവിഷബാധയെന്നതായിരുന്നു ആദ്യ സംശയം. സാധാരണ ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതോടെയാണ് മകൻ മയൂർനാഥിനെ കസ്റ്റഡിയിലെടുത്തത്.
ശശീന്ദ്രന്റെ ആദ്യഭാര്യയിലെ മകനാണ് മയൂർനാഥ്. ആദ്യഭാര്യ 13 വർഷംമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഒരു വർഷത്തിനകം ശശീന്ദ്രൻ രണ്ടാം വിവാഹം കഴിച്ചതോടെ അച്ഛനോട് മയൂർനാഥിന് കടുത്ത വൈരാഗ്യമുണ്ടായെന്നാണ് മൊഴി. ഇതേത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ആയുർവേദ ഡോക്ടറായ മയൂർനാഥ് ഓൺലൈനിലൂടെ രാസവസ്തുക്കൾ വാങ്ങി വിഷം വീട്ടിൽ തയ്യാറാക്കുകയായിരുന്നു. അച്ഛനെ മാത്രം കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രഭാതഭക്ഷണമായ ഇഡ്ഡലിക്കൊപ്പം അച്ഛന് വിളമ്പിവച്ച പാത്രത്തിലെ കടലക്കറിയിൽ മാത്രമാണ് വിഷം കലർത്തിയത്. എന്നാൽ അച്ഛൻ കഴിച്ചതിന്റെ ബാക്കി രണ്ടാനമ്മ ബാക്കിയുള്ള കറിയിലേക്ക് ചേർത്തു. അച്ഛൻ കഴിച്ചതിൽ വിഷാംശം ശക്തമായിരുന്നു. ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽനിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീണ് രക്തം ഛർദിച്ച് മരിക്കുകയായിരുന്നു.
വിഷമടങ്ങിയ കറികഴിച്ച ശശീന്ദ്രന്റെ അമ്മ കമലാക്ഷി (89), ഭാര്യ ഗീത (46), വീട്ടിൽ തെങ്ങ് കയറ്റ ജോലിക്കെത്തിയ ആണ്ടപറമ്പ് സ്വദേശി ചന്ദ്രൻ (60), തണ്ടിലം സ്വദേശി രാമചന്ദ്രൻ (54) എന്നിവർ അവശനിലയിലായി. ഇവർ കഴിച്ച കറിയിൽ വിഷാംശത്തിന്റെ ശക്തി കുറഞ്ഞിരുന്നതിനാലാണ് ഇവർ രക്ഷപ്പെട്ടത്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.
ഭക്ഷണത്തിൽ വിഷാംശം കലർന്ന സൂചന ലഭിച്ച പൊലീസ് ഇത് രഹസ്യമായി സൂക്ഷിച്ചു. മയൂർനാഥിനെക്കുറിച്ച് അന്വേഷിച്ചു. വീടിനു മുകളിൽ മരുന്നു പരീക്ഷണം നടത്തിയത് കണ്ടെത്തി. ശശീന്ദ്രന്റെ സംസ്കാരം കഴിഞ്ഞ് മയൂർനാഥിനെ ചൊദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. തെളിവെടുപ്പു പൂർത്തിയാക്കി റിമാൻഡ് ചെയ്തു.