കൊച്ചി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിർമിച്ച് സംപ്രേഷണം ചെയ്ത കേസിൽ ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത് പൊലീസ് പീഡനമാകുന്നതെങ്ങനെയെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത് സ്വാഭാവികമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു. തുടർച്ചയായി നോട്ടീസ് നൽകുന്നതായി ആരോപിച്ച് ഏഷ്യാനെറ്റ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ വാക്കാൽ പരാമർശം.
ചോദ്യംചെയ്യാൻ വിളിപ്പിച്ച് ലേഖകരുടെ ഫോൺ വാങ്ങി വയ്ക്കുന്നതായും വൈകിട്ടുവരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തുന്നതായും ഹർജിക്കാർ വാദിച്ചു. ഇതുസംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. പ്രതികൾക്ക് കോടതിജാമ്യം മാത്രമേ നൽകിയിട്ടുള്ളൂവെന്നും അന്വേഷണം തടഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ കോടതി, സർക്കാരിന്റെ നിലപാട് അറിയിക്കാൻ നിർദേശിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേസിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്ത്, വ്യാജവീഡിയോ നിർമിച്ച റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരി എന്നിവരെ ചോദ്യംചെയ്തിരുന്നു.