നൗകാമ്പ്
സ്പാനിഷ് ഫുട്ബോളിൽ മറ്റൊരു ക്ലാസികോ കൂടി. സ്പാനിഷ് കിങ്സ് കപ്പ് രണ്ടാംപാദ സെമിയിൽ ഇന്ന് ബാഴ്സലോണയും റയൽ മാഡ്രിഡും മുഖാമുഖമെത്തുകയാണ്. ബാഴ്സ തട്ടകമായ നൗകാമ്പാണ് വേദി. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി. ആദ്യപാദത്തിൽ റയൽ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ബാഴ്സ ഒരു ഗോളിന് ജയിച്ചു. ബാഴ്സയ്ക്ക് ഫൈനൽ ഉറപ്പിക്കാൻ ഇന്ന് സമനില മതി.
സാവിക്കുകീഴിൽ റയലിനെതിരെ തുടർച്ചയായ നാലാംജയം തേടിയാണ് ബാഴ്സ ഇറങ്ങുന്നത്. ഈ സീസണിലെ ആദ്യ ക്ലാസികോയിൽ ബാഴ്സ 1–-3ന് തോറ്റു. സൂപ്പർ കപ്പ് ഫൈനലിൽ 3–-1നായിരുന്നു ബാഴ്സയുടെ ജയം. കിങ്സ് കപ്പ് ആദ്യപാദത്തിൽ ഒരു ഗോളിന് ജയിച്ചു. പിന്നാലെ ലീഗിൽ 2–-1ന്റെ ജയവും സ്വന്തമാക്കി.
സ്വന്തം തട്ടകമാണെങ്കിലും ബാഴ്സ തിരിച്ചടിയിലാണ്. നാല് പ്രധാന താരങ്ങൾ പരിക്കുകാരണം ടീമിലില്ല. ഉസ്മാൻ ഡെംബലെ, ഫ്രെങ്കി ഡി യോങ്, പെഡ്രി, ആൻഡ്രിയാസ് ക്രിസ്റ്റൻസൺ എന്നിവർ കളിക്കുന്നില്ല. ഇതിൽ ഡി യോങ്ങിന്റെ അഭാവം ബാഴ്സയെ തളർത്തും. ആദ്യപാദത്തിൽ തകർപ്പൻ കളിയാണ് ഡച്ചുകാരൻ പുറത്തെടുത്തത്.
റോബർട്ട് ലെവൻഡോവ്സ്കി, റഫീന്യ, ഗാവി എന്നിവരിലാണ് ബാഴ്സയുടെ പ്രതീക്ഷ. ആദ്യപാദത്തിൽ വിജയഗോൾ നേടിയ ഫ്രാങ്ക് കെസിയും കരുത്ത് നൽകുന്നു. മറുവശത്ത്, സ്പാനിഷ് ലീഗ് കിരീടപ്പോരിൽ ബാഴ്സയ്ക്ക് ഏറെ പിന്നിലായ റയൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ലീഗിലെ അവസാനകളിയിൽ വല്ലാഡോളിഡിനെ ആറ് ഗോളിനാണ് തകർത്തത്. കരിം ബെൻസെമ ഹാട്രികും നേടി. പരിക്കുകാരണം പുറത്തായിരുന്ന പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗറുടെ തിരിച്ചുവരവും കാർലോ ആൻസെലോട്ടിയുടെ സംഘത്തിന് കരുത്തുപകരും. റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, മാർകോ അസെൻസിയോ എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.