മഞ്ചേരി
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയുടെ പ്രതിനിധി മുംബൈ സിറ്റി എഫ്സി. വാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പുർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയാണ് മുംബൈ യോഗ്യത നേടിയത്. ഏഷ്യയിലെ 40 ടീമുകളാണ് എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുക. പയ്യനാട് സ്റ്റേഡിയത്തിൽ അഹമ്മദ് ജാഹു, ആൽബർട്ടോ റിപ്പോൾ, വിക്രംപ്രതാപ് സിങ് എന്നിവർ മുംബൈക്കായി ലക്ഷ്യംകണ്ടു. ജംഷഡ്പുരിന്റെ ആശ്വാസഗോൾ ബ്രസീലിയൻ എലി സാബിയ കണ്ടെത്തി. രണ്ടാംപകുതിയിലായിരുന്നു നാല് ഗോളും.
മുംബൈയുടെ ലല്ലിയൻസുവാല ചാങ്തെയെ ജംഷഡ്പുർ പ്രതിരോധക്കാരൻ റിക്കി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിൽനിന്നായിരുന്നു ആദ്യഗോൾ. കിക്കെടുത്ത അഹമ്മദ് ജാഹുവിന് പിഴച്ചില്ല. മൂന്ന് പ്രതിരോധക്കാരെ സാക്ഷിയാക്കി ആൽബർട്ടോ റിപ്പോൾ തൊടുത്ത ഇടങ്കാലനടി ലീഡ് ഉയർത്തി. കളി അവസാനിക്കാൻ 10 മിനിറ്റുള്ളപ്പോൾ ജംഷഡ്പുർ ഒരുഗോൾ മടക്കി. ഇമ്മാനുമ്മൽ തോമസിന്റെ കോർണർ കിക്ക് മുംബൈ ബോക്സിലേക്ക് താഴ്ന്നിറങ്ങി. ഉയർന്ന് ചാടിയ എലി സാബിയ പന്ത് തലകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു.
അടങ്ങിയിരിക്കാൻ മുംബൈ തയ്യാറായിരുന്നില്ല. പരിക്കുസമയത്തിന്റെ മൂന്നാംമിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്റ്റുവർട്ട് നൽകിയ ക്രോസ് വിക്രംപ്രതാപ് സിങ് ജംഷഡ്പുർ വലയിലെത്തിച്ചു. ആദ്യപകുതിയിൽ ഇരുടീമുകളും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ 20 മിനിറ്റ് ജംഷഡ്പുർ കൂടുതൽ ഒത്തിണക്കം കാണിച്ചു. പിന്നീട് മുംബൈ കളിയുടെ നിയന്ത്രണമേറ്റെടുത്തു. ജംഷഡ്പൂരിനായി ബാറിനുകീഴിൽ മലയാളി ഗോൾകീപ്പർ ടി പി രഹനേഷായിരുന്നു.