തിരുവനന്തപുരം
അത്യാധുനിക സൗകര്യങ്ങളുള്ള 131 പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് തുടങ്ങി. കാലപ്പഴക്കംചെന്ന ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകൾക്കു പകരമായാണ് ഇവ സർവീസ് നടത്തുന്നത്. തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 50 കോടി രൂപ ചെലവഴിച്ചാണ് ബസുകൾ വാങ്ങിയത്. ഷാസിക്ക് 22.18 ലക്ഷവും ബോഡി നിർമാണത്തിന് 15.98 ലക്ഷവും അടക്കം 38.17 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. ടെൻഡറിൽ പങ്കെടുത്ത മറ്റു കമ്പനികളേക്കാൾ 1.35 ലക്ഷം രൂപ കുറച്ച് ക്വോട്ട് ചെയ്ത അശോക് ലെയ്ലൻഡിനാണ് ഓർഡർ നൽകിയത്. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബസുകൾ നിർമിച്ചത്. 55 സീറ്റുള്ള ബസിൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും സാങ്കേതിക വിവരങ്ങൾ ഓൺലൈനായി അറിയാവുന്ന ഐ അലർട്ട് സിസ്റ്റവുമുണ്ട്.
ബസ് ട്രാക്കിങ്ങിന് ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് സംവിധാനം, അറിയിപ്പ് നൽകുന്നതിനുള്ള അനൗൺസ്മെന്റ് സംവിധാനം, 32 ഇഞ്ച് ടിവി, അഞ്ച് സർവൈലൻസ് കാമറ, നാലു വശത്തും എൽഇഡി ഡെസ്റ്റിനേഷൻ ബോർഡ് എന്നിവയുമുണ്ട്. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ, സിഎംഡി ബിജു പ്രഭാകർ, ഗതാഗത കമീഷണർ എസ് ശ്രീജിത് എന്നിവർ പങ്കെടുത്തു.