മഞ്ചേരി
സൂപ്പർകപ്പ് ഫുട്ബോൾ യോഗ്യത നേടാനുറച്ച് മലയാളി ടീമായ ഗോകുലം കേരള എഫ്സി ഇന്ന് കളത്തിലിറങ്ങും. കൊൽക്കത്ത മുഹമ്മദൻസ് സ്പോട്ടിങ് ആണ് എതിരാളി. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യകളിയിൽ ശ്രീനിധി ഡെക്കാനും നെരോക എഫ്സിയും തമ്മിൽ എറ്റുമുട്ടും. തിങ്കളാഴ്ച രാജസ്ഥാൻ എഫ്സിയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് മണിപ്പുരിൽനിന്നുള്ള നെരോക ക്ലബ് യോഗ്യതാ മത്സരത്തിന് അർഹത നേടിയത്.
തുടർച്ചയായ മൂന്നാംകിരീടം ലക്ഷ്യമിട്ട് ഐ ലീഗിന് ഇറങ്ങിയ ഗോകുലത്തിന് ഇത്തവണ കാലിടറിയിരുന്നു. ജേതാക്കളായിരുന്നെങ്കിൽ സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമായിരുന്നു. ഐ ലീഗിൽ ഗോകുലം മൂന്നാംസ്ഥാനത്തും മുഹമ്മദൻസ് എട്ടാംസ്ഥാനത്തുമായിരുന്നു. ഈ സീസണിൽ രണ്ടുതവണ എറ്റുമുട്ടിയപ്പോൾ ഇരുടീമിനും ഓരോ ജയമായിരുന്നു.
ഐ ലീഗിലെ അതേനിരയെയാണ് ഗോകുലം സൂപ്പർ കപ്പ് യോഗ്യതയ്ക്കും അണിനിരത്തുന്നത്. സ്പാനിഷ് പരിശീലകൻ ഫ്രാൻസെസ് ബോണറ്റിനുകീഴിലുള്ള ടീമിൽ 12 മലയാളിതാരങ്ങളുണ്ട്. ക്യാപ്റ്റൻ അമീനൗ ബൗബ, സ്പാനിഷ് താരങ്ങളായ സെർജിയോ മെൻഡി, ഒമർ റാമോസ്, കിർഗിസ്ഥാൻ മുന്നേറ്റക്കാരൻ എൽദാർ മൊൾഡോസുനുനോവ്, അഫ്ഘാൻ താരം ഫർഷാദ്, മലയാളി മുന്നേറ്റക്കാരൻ ജോബി ജസ്റ്റിൻ, പി എം നൗഫൽ എന്നിവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ.
പഴയ പ്രതാപം വീണ്ടെടുക്കാനിറങ്ങുന്ന മുഹമ്മദൻസും ഐ ലീഗ് നിരയെ കളത്തിലിറക്കുമ്പോൾ മത്സരം പൊടിപാറും.