പാലക്കാട്
പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയെന്ന സവിശേഷത അട്ടപ്പാടി മധു വധക്കേസിനുണ്ട്. 16 പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ സെഷൻസ് കോടതിയിൽ ഹർജി നൽകിയത് പ്രോസിക്യൂഷനാണ്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവ് പൊലീസ് കോടതിയിൽ നൽകി.
ആദിവാസി സ്ത്രീകളുടെ പേരിലെടുത്ത സിംകാർഡ് ഉപയോഗിച്ച് സാക്ഷികളെ വിളിക്കുകയും മണ്ണാർക്കാട് ലോഡ്ജിൽവച്ച് പണം കൈമാറിയ വിവരവും പൊലീസ് ശേഖരിച്ചു. സാക്ഷികളുടെ ഫോൺവിളികളുടെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ എന്നിവ ശേഖരിച്ചത് അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിലായിരുന്നു. അഗളി സ്റ്റേഷനിലെ മുഴുവൻ പൊലീസും സൈബർ സെല്ലും ഇതിനുവേണ്ടി കഠിന പരിശ്രമം നടത്തി. തുടർന്നാണ് പ്രതികളുടെ ജാമ്യം മണ്ണാർക്കാട് പട്ടികജാതി–- വർഗ പ്രത്യേക കോടതി റദ്ദാക്കിയത്.
ഹൈക്കോടതി നൽകിയ ജാമ്യത്തിൽ പിഴവുണ്ടെന്ന് ബോധ്യമായാൽ കീഴ്ക്കോടതിക്ക് റദ്ദാക്കാമെന്ന വ്യവസ്ഥയുണ്ട്. ഈ സാധ്യത പ്രോസിക്യൂഷൻ ഉപയോഗിച്ചു. പ്രതികൾ പുറത്തുനിൽക്കുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കി. ഇത് കോടതി നടപടികളിലെ അപൂർവതയായിരുന്നു. ഐഎഎസുകാർ ഉൾപ്പെടെ മജിസ്റ്റീരിയൽ വിഭാഗത്തെ സാക്ഷികളാക്കി കോടതിയിൽ കൊണ്ടുവന്നതും സർക്കാർ ഇടപെടലിലൂടെയാണ്. പ്രധാന സാക്ഷികളെ കൂറുമാറ്റിക്കാനുള്ള ഒരു ശ്രമവും വിജയിച്ചില്ല. ഇതെല്ലാം പ്രതികളെ നിയമത്തിന് മുന്നിൽക്കൊണ്ടുവരാൻ സഹായിച്ചു. 24 സാക്ഷികൾ കൂറുമാറിയിട്ടും കേസിൽ വിധി അനുകൂലമാക്കുന്നതിലും മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിലും പ്രോസിക്യൂഷനും പൊലീസും കഠിന പരിശ്രമം നടത്തി.
പ്രതികളെ ശിക്ഷിക്കാനുതകുന്ന തെളിവുകൾ ശേഖരിച്ചതാണ് കുടുംബത്തിന് നീതി ഉറപ്പാക്കാൻ സഹായകമായത്. മധു വധക്കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ തുടക്കംമുതൽ നിലകൊണ്ടവർക്ക് പ്രഹരമാണ് വിധി.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ പൊലീസ് വാഹനത്തിൽ കയറ്റുന്നു
കൂറുമാറിയ സാക്ഷികളെ
വനംവകുപ്പ് പിരിച്ചുവിട്ടു
കേസിൽ കൂറുമാറിയ നാല് സാക്ഷികൾക്കെതിരെ കർശന നടപടിയെടുത്തതും സർക്കാർ ഇടപെടലിന് തെളിവായി. വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരായ കാളിമൂപ്പൻ , അനിൽകുമാർ, സുനിൽകുമാർ, അബ്ദുൾ റസാഖ് എന്നിവരെയാണ് വനംവകുപ്പ് പിരിച്ചുവിട്ടത്. ആദ്യം പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകിയ ഇവർ കോടതിയിൽ മൊഴിമാറ്റി. കൂറുമാറിയ 24 സാക്ഷികളിൽ ഇവരും ഉൾപ്പെടും.
സർക്കാരിൽനിന്ന് ശമ്പളം വാങ്ങുന്ന ഇവർ മൊഴിമാറ്റി കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമത്തെ സർക്കാർ ഗൗരവമായി കണ്ടു. തുടർന്നാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇതിൽ സുനിൽകുമാർ കാഴ്ച ശക്തിയില്ലെന്ന് പറഞ്ഞത് കോടതിയെ ചൊടിപ്പിച്ചു. ഉടൻതന്നെ ഇയാളുടെ കാഴ്ച ശക്തി പരിശോധിക്കാൻ ഉത്തരവിടുകയും പരിശോധനയിൽ കാഴ്ചയ്ക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് നടപടി.