പാലക്കാട്
അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് 2018 ഫെബ്രുവരി 22നാണ്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടിൽനിന്ന് സംഘംചേർന്ന് പിടികൂടി മുക്കാലിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത് അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
ആക്രമണത്തിലേറ്റ പരിക്കുമൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയാളച്ചാൽ ഭാഗത്തുനിന്നാണ് മധുവിനെ പ്രതികൾ പിടികൂടിയത്. കാട്ടിൽ അതിക്രമിച്ചു കയറിയതിന് പ്രതികൾക്കെതിരെ വനം വകുപ്പ് കേസും നിലവിലുണ്ട്.
കാട്ടിൽ പോകുന്നതിന്റെയും മധുവിനെ പിടികൂടി വരുന്നതിന്റെയും ദൃശ്യങ്ങൾ പ്രതികളിൽ ചിലർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം ലോകമറിയുന്നത്. മുക്കാലിയിൽ ആൾക്കൂട്ടം മധുവിനെ തടഞ്ഞു വച്ചതിന്റെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ചത് ഡിജിറ്റൽ തെളിവുകളെയാണ്. കോടതി മുറിയിൽ വിചാരണക്കിടെ പലതവണ ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിച്ചു.
ആത്മവിശ്വാസം പകരുന്ന വിധി
മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ ചൊവ്വ പകൽ 11.30 ഓടെ മാധ്യമങ്ങൾക്ക് മുന്നിലെത്തി. അവർ ചിരിച്ചു. അഞ്ച് വർഷത്തിനുശേഷം ആശങ്കയൊഴിഞ്ഞ് മനസ്സുറപ്പോടെയുള്ള ചിരി. ഒരുപക്ഷേ, തേഞ്ഞുമാഞ്ഞുപോകുമായിരുന്ന കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയത് സർക്കാരിന്റെ ശക്തമായ ഇടപെടലിലാണ്. കേരളത്തിലായതുകൊണ്ടുമാത്രമാണ് ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത്. മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കേസിൽ ഇടപെട്ടത്.
16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാർക്കാട് പ്രത്യേക കോടതി വിധി സർക്കാരിന്റെ ഇടപെടലിനുള്ള അംഗീകാരംകൂടിയായി. ചുരുങ്ങിയ സമയംകൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പറയുന്ന കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മധു കൊല്ലപ്പെട്ട ശേഷം 2018 മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, മന്ത്രിയായിരുന്ന എ കെ ബാലൻ എന്നിവർ മധുവിന്റെ കുടുംബത്തെ സന്ദർശിച്ച് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. അന്ന് നൽകിയ ഉറപ്പ് സർക്കാർ പാലിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. ആദ്യം നിശ്ചയിച്ച പ്രോസിക്യൂട്ടർ കേസ് ഏറ്റെടുക്കാതെ പിന്മാറിയപ്പോൾ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെ പ്രോസിക്യൂട്ടർമാരായി നിശ്ചയിച്ചു. മധുവിന്റെ കുടുംബത്തിന്റെ അഭിപ്രായംകൂടി പരിഗണിച്ചായിരുന്നു ഇത്.
127 സാക്ഷികളിൽ 24 പേർ കൂറുമാറി കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടപ്പോൾ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടു. അതും പരിഗണിച്ച് ഉടൻ അസി. പ്രോസിക്യൂട്ടറായ രാജേഷ് എം മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ഇദ്ദേഹമാണ് വിധിവരുംവരെ കേസിൽ ഹാജരായത്.
നീതികിട്ടിയെന്ന്
മധുവിന്റെ കുടുംബം
മധുവിന് നീതികിട്ടിയെന്ന് കുടുംബം. ഇത്രയും കാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. ഇത് ഞങ്ങളുടെ മാത്രം വിജയമല്ല. ഒരുപാടുപേർ ഒപ്പംനിന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ടി കെ സുബ്രഹ്മണ്യനും അഗളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും ഏറെ സഹായിച്ചു.
കേസ് തടയാൻ ആദ്യം നേരിട്ടായിരുന്നു ഭീഷണി. അത് പൊലീസ് ശ്രദ്ധിച്ചതോടെ ഇടനിലക്കാരെ ഉപയോഗിച്ചു. ഇനിയും ഇത്തരം ഭീഷണി പ്രതീക്ഷിക്കുന്നുണ്ട്. അതിനാലാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മുഴുവൻ പ്രതികളെയും ശിക്ഷിക്കും എന്നാണ് കരുതിയത്. മനഃപൂർവം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് മധുവിനെ സംഘം മർദിച്ചത്. അതിനാൽ 302–-ാം വകുപ്പ് നിലനിൽക്കണം. വിധി വന്നശേഷം ഇതിനായി അപ്പീൽ പോകുമെന്നും കുടുംബം വ്യക്തമാക്കി.
മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ കോടതിയിൽ
പ്രതിസന്ധികള് മറികടന്ന് നേടിയ വിധി: സ്പെഷ്യല് പ്രോസിക്യൂട്ടർ
നേരിട്ടുള്ള തെളിവുകളൊന്നുമില്ലാത്ത കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. അതിനാൽ അനുകൂല വിധി തന്നെയാണിത്. കൊലക്കുറ്റം നിലനിൽക്കാത്തതിനെക്കുറിച്ച് വിധി വന്നശേഷം പരിശോധിക്കും. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയത് കേസിനെ ബാധിച്ചു. എന്നാൽ അതിനെ മറികടക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. 304 (2), 326 തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എന്ത് ശിക്ഷ വിധിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളും കേസിൽ നിർണായകമായി. കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ചർച്ചയായേക്കാവുന്ന നിർണായക വിധിയാണുണ്ടായത്.
ഏറെ പ്രതിസന്ധികൾ മറികടന്നാണ് കേസിൽ ഇതുവരെ എത്തിയത്. കേസ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം പ്രചരിപ്പിച്ചു. വിധി വരുന്ന അവസാന ദിനങ്ങളിൽ മധു പട്ടികവർഗക്കാരനല്ലെന്നു വരെ പറഞ്ഞ് ശിക്ഷയിൽ നിന്ന് ഒഴിവാകാൻ നോക്കി. കൂടുതൽ സാക്ഷികൾ കൂറുമാറാതിരിക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങളും കേസിൽ നിർണായകമായി. വിധി വന്നശേഷം അപ്പീൽ അടക്കം വേണമെങ്കിൽ പരിഗണിക്കുമെന്നും രാജേഷ് എം മേനോൻ പറഞ്ഞു.