ഗാങ്ടോക്
സിക്കിമില് ഇന്ത്യ–- ചൈന അതിർത്തി മേഖലയായ നാഥുലായിൽ മഞ്ഞുമലയിടിഞ്ഞ് ഏഴ് വിനോദസഞ്ചാരികൾ മരിച്ചു. രണ്ടു സ്ത്രീകളും കുഞ്ഞും ഉൾപ്പെടെയാണ് മരിച്ചത്. നിരവധിപേർ മഞ്ഞിനടിയിൽ കുടുങ്ങിയെന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാം. നാഥുലാ–- ഗാങ്ടോക് ജവാഹർലാൽ നെഹ്റു റോഡിൽ പതിനഞ്ചാം മൈലിൽ ചൊവ്വ പകൽ പതിനൊന്നരയോടെയായിരുന്നു അപകടം. സമുദ്രനിരപ്പിൽനിന്ന് 4,310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് നാഥുല. അപകടസമയം 150 വിനോദസഞ്ചാരികൾ ഇവിടെയുണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ രക്ഷപ്പെടുത്തി.
നിരവധി വാഹനങ്ങളും മുപ്പതോളം സഞ്ചാരികളും മഞ്ഞിനടിയിൽ ഉണ്ടെന്നാണ് വിവരം. സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.