അതുവരെ യാത്രയില് താങ്ങിനിര്ത്തിയ ഊന്നുവടികളെ യഥാവിധി ഉപേക്ഷിക്കുന്ന ചടങ്ങാണ് ബാക്കിയുള്ളത്. അത് ഞങ്ങള് വര്ഷങ്ങളായി ഹിമാലയന് യാത്രയില് അനുവര്ത്തിക്കുന്ന ആചാരം. പുറത്ത് ആളിക്കത്തുന്ന ആഴിക്കു മുന്നില്നിന്ന് ഓരോ ഊന്നുവടിയും സന്തോഷിന് കൈമാറി. അടുത്ത യാത്രക്കാരന്റെ കൈയിലെത്തുമ്പോള് അത് പറയുമായിരിക്കും ഞങ്ങളെക്കുറിച്ച്, ഞങ്ങളെ കരുതലോടെ തിരികെ എത്തിച്ചതിനെക്കുറിച്ച്.
ഹിമാലയത്തില് ഒരുപാടിടത്ത് ചുടുനീരുറവകൾ കണ്ടിട്ടുണ്ട്. പലയിടത്തും നീരാട്ടും നടത്തിയിട്ടുണ്ട്. അതിനാല് ഒപ്പമുള്ളവര് ആരും നടക്കാന് തയ്യാറല്ല. പ്രശോഭിന്റെ നിര്ബന്ധിച്ചുള്ള ക്ഷണം കാരണം ഞാന് ഒപ്പം നടന്നു. ഇത്തിരി നടക്കാനേയുള്ളൂ. കുഴപ്പമില്ലാത്ത വഴിയാണ്. ഏതാണ്ട് 20 മിനിറ്റ് നടന്നപ്പോള് കുന്നിന്മുകളില്നിന്ന് കാണാം, തൊട്ടുതാഴെ നീലത്തടാകം. ചുറ്റിലും പടിയെല്ലാം കെട്ടിയ ചൂടുവെള്ളം തടാകം. നിരവധിപേര് അതിനുള്ളിലുണ്ട്.
സഹിക്കാന് പറ്റുന്ന ചൂടാണെന്ന് അവരുടെ പ്രതികരണത്തില്നിന്ന് അറിയാം. ഇത്തിരിനേരം അതിനുചുറ്റും നടന്നു. വെള്ളത്തിലിറങ്ങാന് തോന്നിയില്ല. തിരികെ കയറിപ്പോകുന്ന വഴിക്ക് സമീപം പാർവതിനാഥ ക്ഷേത്രം. വിശ്വാസികള് പ്രാർഥനയിലാണ്. കുളത്തില്നിന്ന് നിര്ഗളിക്കുന്ന വെള്ളം ചാലുപോലെ താഴേക്ക് ഒഴുകുന്നു. അതില്നിന്ന് കോരിക്കുളിക്കുന്നവരുമുണ്ട്. യഥാര്ഥത്തില് ഖീര്ഗംഗയുടെ ഏറ്റവും വലിയ ആകര്ഷണം ചൂടുവെള്ളക്കുളവും അതിലെ കുളിയുമാണ്.
ഖീര്ഗംഗയില് മറ്റൊന്നും കാര്യമായി ഞങ്ങള്ക്ക് കാണാനില്ല. ഒരു ദിവസംകൂടി അവിടെ തങ്ങാനുള്ള വശ്യതയൊന്നും തോന്നിയതുമില്ല. രാവിലെതന്നെ ഫുല്ഗ ഗ്രാമംവഴി കല്ഗയിലേക്ക് തിരിച്ചിറങ്ങാം എന്ന് തീരുമാനിച്ചു. ഇങ്ങോട്ട് കയറിവന്ന വഴിയുടെ അത്രയും കഠിനമല്ല, താഴേക്കുള്ളത്. ഇറക്കവും നിരന്ന പ്രദേശവുമാണെന്ന് ഗ്രിഗറി പറഞ്ഞതോടെ ആവേശമായി.
ബർഷാനി ഗ്രാമക്കാഴ്ച
പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങള് ഭാണ്ഡം മുറുക്കി. ഉച്ചഭക്ഷണമായി കുറച്ച് ചപ്പാത്തിയും സബ്ജിയും പൊതിഞ്ഞെടുത്തു. പൈന്മരക്കാടാണ് ചരുവിലാകെ. തലേന്നുപെയ്ത മഞ്ഞ് വീണുകിടപ്പുണ്ട്. കൊഴിഞ്ഞ ഇലകളില് ചവിട്ടി തെന്നിവീഴാതെ കമ്പുകളൂന്നി പാർവതി നദിയുടെ ഓരങ്ങളിലൂടെ നടന്നു. പരമാവധി നേരത്തേ നിരപ്പിലെത്താനുള്ള നടക്കലാണ്.
വഴിയില് പല പേരില് ധാബകള് നിരവധിയുണ്ട്. ഒന്നും തുറന്നിട്ടില്ല. ടാര്പോളിന് മൂടി പൊതിഞ്ഞുകെട്ടിയിരിക്കുകയാണ് അവയെല്ലാം. ചെറിയ വെള്ളച്ചാട്ടങ്ങള് അരുവിയായി പാർവതിക്കൊപ്പം ചേരുന്നു. ഇരുട്ടു വീണ വഴിയാണ്. തട്ടി വീഴാതിരിക്കാന് പൈന് മരത്തിന്റെ വേരുകള്മാത്രം സൂക്ഷിച്ചാല് മതി. ഞാനും ഹാറൂണും മുരുകനും പരമാവധി വേഗത്തിലാണ്. ഉച്ചയ്ക്കുമുമ്പ് ഫുല്ഗ ഗ്രാമത്തില് എത്തലാണ് ലക്ഷ്യം.
ശ്രീകണ്ഠന് ക്ഷീണിതനായതിനാല് ഗ്രിഗറിയും പ്രശോഭും അവനൊപ്പമാണ്. പ്രശോഭിന്റെ ഷൂസിന്റെ സോള് ഇളകിപ്പോയതും അവരുടെ യാത്രാവേഗം കുറയ്ക്കുന്നുണ്ട്.
വഴി രണ്ടായി പിരിയുന്നു. താഴ്വരയില് ഒരു ധാബയ്ക്കുമുന്നില് ഞങ്ങളിരുന്നു. ഒരു കുടുംബമാണ് ധാബയുടമകള്. ഓംലെറ്റും ചൂട് കാപ്പിയും കഴിച്ച് ഒരു മണിക്കൂറോളം ഇരുന്നിട്ടും പിന്നിലുള്ള സംഘം എത്തിയില്ല. ധാബക്കാരന് താഴേക്കുള്ള കൃത്യമായ വഴി പറഞ്ഞുതന്നു. ഇടത്തെക്കുള്ള വഴി ഫുല്ഗയിലൂടെ കല്ഗയിലേക്ക്.
വഴി രണ്ടായി പിരിയുന്നു. താഴ്വരയില് ഒരു ധാബയ്ക്കുമുന്നില് ഞങ്ങളിരുന്നു. ഒരു കുടുംബമാണ് ധാബയുടമകള്. ഓംലെറ്റും ചൂട് കാപ്പിയും കഴിച്ച് ഒരു മണിക്കൂറോളം ഇരുന്നിട്ടും പിന്നിലുള്ള സംഘം എത്തിയില്ല. ധാബക്കാരന് താഴേക്കുള്ള കൃത്യമായ വഴി പറഞ്ഞുതന്നു. ഇടത്തെക്കുള്ള വഴി ഫുല്ഗയിലൂടെ കല്ഗയിലേക്ക്.
വലത്തേവഴി തോഷ് ഗ്രാമത്തിലേക്ക്. അതുവഴി മലാനയിലും മണികരണിലുമെത്താം. ഞങ്ങള് ഇടത്തേക്ക് നടന്നുതുടങ്ങി. ചെറിയൊരു കയറ്റം കഴിഞ്ഞതോടെ തീരെ മോശമല്ലാത്ത വെള്ളച്ചാട്ടം. അത് ഒഴുകിവരുന്നതിനു കുറുകെ തടിയില്
വാട്ടർഫാൾസ് ധാബ
തീര്ത്ത താല്ക്കാലിക പാലമുണ്ട്. പുലര്ച്ചെ ഫുല്ഗയില്നിന്ന് ഖീര്ഗംഗയിലേക്ക് യാത്ര തിരിക്കുന്ന നിരവധിപേര് പാലത്തിന് ഇരുവശത്തുമുണ്ട്. പലരും ഫോട്ടോഷൂട്ടിലാണ്. ഒട്ടേറെ മലയാളികളും യാത്രാസംഘത്തിലുണ്ടെന്ന് സംസാരത്തില്നിന്ന് വ്യക്തമായി. അവിടെയും ഒരു ധാബ. ‘വാട്ടര് ഫാള്സ് ധാബ’ എന്നാണ് അതിന്റെ പേര്. കട്ടന്ചായയും ഉണങ്ങിയ റൊട്ടിയും കഴിച്ച് ഇത്തിരിനേരം ക്ഷീണംമാറ്റി.
താഴേക്കുള്ള വഴി അത്യന്തം അപകടം നിറഞ്ഞതാണ്. താഴെയെവിടെയോ പാർവതി ആര്ത്തലച്ച് ഒഴുകുന്നതിന്റെ ശബ്ദംമാത്രം കേള്ക്കാം. വഴിയുടെ വലത്തെ ചരുവില് ഇരുമ്പ് പൈപ്പുകള് ഉറപ്പിച്ചിട്ടുണ്ട്. അത് അത്ര സുരക്ഷിതമല്ലെങ്കിലും ഒരു പിടിവള്ളിയാണ്.
വഴിയാകെ ഇടിഞ്ഞുകിടപ്പാണ്. ഒന്നു തെന്നിയാല് പൊടിപോലും ബാക്കിയുണ്ടാവില്ല. അക്ഷരങ്ങള് കുറെ ഇളകിപ്പോയ ഒരു തകര ബോര്ഡിന് മുമ്പില് അറിയാതെ നിന്നു.
AMIHAY COHEN (RIP) 1975—/ 1999 ‘‘Here fell died a dear man and good friend, young; full of joy at the prime, Carefully enough taking this road”
ഇസ്രയേലിയായ ഒരു ഇരുപത്തിനാലുകാരന്റെ ഓർമകള് ഒപ്പം കൂടുകയാണ്. അമിഹെ എങ്ങനെയാണ് അങ്ങുതാഴെ പാർവതിയുടെ ഒഴുക്കിലേക്ക് വീണുപോയതെന്ന് ആര്ക്കുമറിയില്ല. അതിനുശേഷമാണ് ഇരുമ്പ് തൂണുകള് നാട്ടി കൈവരി ഉറപ്പിച്ചത്. എന്നാലും കുറുക്കുവഴികള്തേടി ഇപ്പോഴും സഞ്ചാരികള് കടന്നുപോകുന്നുണ്ട്.
പാർവതിനദിക്കക്കരെയുള്ള ഗ്രാമം
ഭയം മുറ്റിനില്ക്കുന്ന ഇടവഴിയിലൂടെ ഞങ്ങള് വലത്തേക്ക് നോക്കാതെ ഇറങ്ങി. നില്ക്കാന് സ്ഥലമുള്ളിടത്തെല്ലാം ഒന്നുനിന്നു. പാർവതിക്ക് അക്കരെ നിരവധി ഗ്രാമങ്ങള് ഉണ്ട്. കുന്നുകളില്നിന്ന് കുന്നുകളിലേക്ക് പടര്ന്നുകയറുന്ന ഗ്രാമങ്ങള്. കല്ഗ താഴെ പൊട്ടുപോലെകാണാം. ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് റിസർവോയറാണ് ഗ്രാമത്തിന്റെ അടയാളം. ഫുല്ഗ ഗ്രാമത്തില് നട്ടുച്ചക്കിരുട്ട്. മുമ്പ് സൂചിപ്പിച്ചപോലെ പൈന്മരങ്ങള് ആകാശം മറച്ചുനില്പ്പാണ്. കുറേ വീടുകളും ധാബകളും കൃഷിയിടങ്ങളും ഒക്കെയുള്ള ഗ്രാമം.
ഒരു വീടിനുമുമ്പിലെ നിരന്ന പ്രദേശത്ത് വഴിയരികില് ഒരു പെണ്കുട്ടി നില്ക്കുന്നു. മിന എന്നാണ് അവളുടെ പേര്. ഫുല്ഗയിലെ അപ്പര് പ്രൈമറി സ്കൂളിലെ വിദ്യാർഥി. പിറ്റേന്ന് ദീപാവലിയാണ്. അവള് എല്ലാ വഴിപോക്കര്ക്കും ആശംസ നേര്ന്ന് കുഞ്ഞുമിഠായി സമ്മാനിക്കുന്നു.
ഒരു വീടിനുമുമ്പിലെ നിരന്ന പ്രദേശത്ത് വഴിയരികില് ഒരു പെണ്കുട്ടി നില്ക്കുന്നു. മിന എന്നാണ് അവളുടെ പേര്. ഫുല്ഗയിലെ അപ്പര് പ്രൈമറി സ്കൂളിലെ വിദ്യാർഥി. പിറ്റേന്ന് ദീപാവലിയാണ്. അവള് എല്ലാ വഴിപോക്കര്ക്കും ആശംസ നേര്ന്ന് കുഞ്ഞുമിഠായി സമ്മാനിക്കുന്നു. ഞാനവളുടെ കവിളില് ഒന്നു തൊട്ടു. ഹിമാചലിന്റെ തണുപ്പും ചന്തവും. വിശേഷങ്ങള് ചോദിച്ചറിയുമ്പോള് അവളുടെ അമ്മ അരികിലെത്തി.
ഹിമാചല് സൗന്ദര്യമാകെ ഇതാ ഞങ്ങളുടെ മുമ്പില് നിറയുന്നു. ദീപാവലി യഥാർഥത്തില് അവരുടെ ആഘോഷങ്ങളുടെ അവസാനമാണ്. ഇനിയുള്ള നാളുകളില് ഫുല്ഗ ഗ്രാമമാകെ മഞ്ഞുമൂടും. പുറത്തിറങ്ങാന് പറ്റാത്തത്ര മഞ്ഞ്. ദീപാവലി ആഘോഷങ്ങള് അസ്തമിക്കുമ്പോള് എല്ലാവരും അവരവരുടെ വീടുകളില് ഒതുങ്ങിപ്പോകും.
ഹേനയെന്നാണ് അവളുടെ പേര്. ഭര്ത്താവ് ഏതോ ട്രക്കിങ് സംഘത്തോടൊപ്പമാണ്. ദീപാവലി വിളക്കണയുംമുമ്പ് അയാള് കുടിയിലെത്തും. ഒരു മാസത്തേക്ക് കുടുംബത്തിനും കാലികള്ക്കും ഉള്ള ഭക്ഷണമൊക്കെ ഹേന സംഭരിച്ചുകഴിഞ്ഞു. ഭര്ത്താവ് എത്തിയാല് മാര്ക്കറ്റില് പോയി കുറച്ച് വസ്ത്രങ്ങള്മാത്രം വാങ്ങിയാല് മതി. നൂറു രൂപ മിനയുടെ കൈവെള്ളയില് തിരുകുമ്പോള് അവള് ചിരിച്ചുപറഞ്ഞു, ‘താങ്ക്യൂ അങ്കിള്’ അവളുടെ നനുത്ത ചിരി നെഞ്ചില് എവിടെയോ പോയി കുടുങ്ങി.
ഫുൽഗാ ഗ്രാമത്തിലെ മിന എന്ന പെൺകുട്ടി
കുന്നിറങ്ങിയെത്തുന്നത് വിശാലമായ നിരന്ന പ്രദേശത്താണ്. കാലികളും ആട്ടിൻപറ്റവും മേയുന്നു. വഴിവക്കിലെ നീർച്ചാലിൽ സമൃദ്ധമായി വെള്ളമുണ്ട്. ഖീർഗഗേ യാത്രികരുടെ സ്ഥിരം വഴിയാണിത്. കഠിനമായ കുത്തുകയറ്റമില്ല. പാർവതി കടക്കേണ്ടതില്ലാ എന്നതാണ് മറ്റൊരു ആകർഷണം.
നിരന്ന പ്രദേശം അവസാനിക്കുന്നത് കല്ഗയില് സന്തോഷിന്റെ തടി വീടിനരികിലാണ്. അവിടെനിന്ന് താഴേക്കുള്ളത് ബർഷാനിയിൽനിന്ന് ഞങ്ങൾ ആദ്യനാൾ വന്നുകയറിയ വഴി. ശ്രീകണ്ഠനും സംഘവും എത്താന് വീണ്ടും രണ്ടു മണിക്കൂര് എടുത്തു.
അവര്ക്കൊപ്പം ഇരുട്ടും കൂട്ടിനെത്തുന്നു. തടിവീടിന്റെ ഹോട്ട്റൂമില് കാപ്പി നുണഞ്ഞിരിക്കുമ്പോള് ചുവരിലെ സ്ത്രീരൂപം പൂണ്ട ശിവന് ചിരിക്കുന്നു. ദമരുവിലെ താളം മുറുകി. ലഹരി മഞ്ഞായി പെയ്യുന്നു. പുലര്ച്ചെ ആറുമണിക്കാണ് ഞങ്ങളുടെ മടക്കയാത്ര. പാർവതിവാലിയുടെ മറുവശം തേടിയാണ് ഇനിയുള്ള മൂന്നുനാളുകള്, അതും വാഹനത്തില്. ബുദ്ധാശ്രമങ്ങളുടെയും പരാശര് ലേക്കിന്റെയും നിഗൂഢമായ തണുപ്പിലേക്കുള്ള യാത്ര.
അതുവരെ യാത്രയില് താങ്ങിനിര്ത്തിയ ഊന്നുവടികളെ യഥാവിധി ഉപേക്ഷിക്കുന്ന ചടങ്ങാണ് ബാക്കിയുള്ളത്. അത് ഞങ്ങള് വര്ഷങ്ങളായി ഹിമാലയന് യാത്രയില് അനുവര്ത്തിക്കുന്ന ആചാരം. പുറത്ത് ആളിക്കത്തുന്ന ആഴിക്കു മുന്നില്നിന്ന് ഓരോ ഊന്നുവടിയും സന്തോഷിന് കൈമാറി. അടുത്ത യാത്രക്കാരന്റെ കൈയിലെത്തുമ്പോള് അത് പറയുമായിരിക്കും ഞങ്ങളെക്കുറിച്ച്, ഞങ്ങളെ കരുതലോടെ തിരികെ എത്തിച്ചതിനെക്കുറിച്ച്. മുഷി എന്തോ അത്ഭുതം കാണുന്നപോലെ മുന്നില് വന്നിരുന്നു. ഭക്ഷണശേഷം സന്തോഷിന്റെ തടിവീടിനുള്ള വാടകയും യാത്രാച്ചെലവും ഭക്ഷണത്തുകയുമെല്ലാം നൽകി.
പിറ്റേന്ന് പുലർച്ചെ ആറുമണിക്കൊന്നും ഇറങ്ങാനായില്ല. 7.30ന് കല്ഗയില് വാഹനത്തിനടുത്ത് എത്തുമ്പോൾ സന്തോഷും സഹായിയും ഞങ്ങളുടെ ഭാണ്ഡക്കെട്ടുകളുമെടുത്ത് ഒപ്പമുണ്ട്. വാഹനമേറുംവരെ മുഷിയും അനുഗമിച്ചു. അവൾ പിന്കാലുകള് തറയിലൂന്നി യാത്രാഭിവാദ്യം നേരുമ്പോള് ഞങ്ങളുടെ കണ്ണുകള് ഒന്ന് പൊടിഞ്ഞു. മുഷി, നീയാണെന്റെ പ്രണയം. ഈ യാത്രയില് നീ ഒപ്പമില്ലായിരുന്നങ്കില്….
(അവസാനിച്ചു).