മലപ്പുറം
ഏഷ്യയിലെ മികച്ച ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ചാമ്പ്യൻസ് ലീഗിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്ന ടീമിനെ ഇന്നറിയാം. രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മുംബൈ സിറ്റി എഫ്സി–-ജംഷഡ്പുർ സിറ്റി എഫ്സി യോഗ്യതാമത്സരം. വിജയികൾക്ക് എഎഫ്സി ഗ്രൂപ്പ് ഘട്ടത്തിൽ പ്രവേശിക്കാം. മുംബൈ സിറ്റി എഫ്സിയാണ് കഴിഞ്ഞതവണ രാജ്യത്തെ പ്രതിനിധാനംചെയ്തത്. മികച്ച പ്രകടനത്തോടെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി. ഏഷ്യയിലെ 40 ടീമുകളാണ് എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മാറ്റുരയ്ക്കുക. സൗദി അറേബ്യയിലെ അൽ ഹിലാൽ ക്ലബ്ബാണ് നിലവിലെ ചാമ്പ്യൻമാർ. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ക്ലബ്ബും അൽ ഹിലാലാണ്. എഎഫ്സി ചാമ്പ്യൻമാർക്ക് ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കാം.
നിലവിലെ ഐഎസ്എൽ ഷീൽഡ് ചാമ്പ്യൻമാരായാണ് മുംബൈ എഫ്സി നോക്കൗട്ട് മത്സരത്തിനെത്തുന്നത്. കഴിഞ്ഞവർഷത്തെ ഷീൽഡ്ചാമ്പ്യൻ ജംഷഡ്പുരായിരുന്നു. മലയാളിയായ ടി പി രഹനേഷാണ് ഗോൾ കീപ്പർ. നിലമ്പൂർ സ്വദേശി മുഹമ്മദ് ഉവൈസും പ്രതിരോധനിരയിലുണ്ട്. യോഗ്യതാമത്സരത്തിനായി ജംഷഡ്പുർ ടീം ശനിയാഴ്ച കോഴിക്കോട്ടെത്തി. കലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനവും നടത്തി. മുംബൈ സിറ്റി എഫ്സി ഇന്നലെയാണ് കോഴിക്കോട്ടെത്തിയത്. കളി കാണാൻ ജനം ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനാസർ എഫ്സിയും എഎഫ്സി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൗദി പ്രോ ലീഗിൽ രണ്ടാംസ്ഥാനത്താണ് അൽനസർ എഫ്സി. 10 ഗ്രൂപ്പുകളായി തിരിച്ച് ഹോം എവെ രീതിയിലാണ് എഎഫ്സി മത്സരക്രമീകരണം. ഇന്ത്യയിൽനിന്നുള്ള ക്ലബ്ബും അൽ നസർ എഫ്സിയും ആദ്യറൗണ്ടിൽ ഒരേഗ്രൂപ്പിൽ ഉൾപ്പെട്ടാൽ റൊണാൾഡോയും സംഘവും ഇന്ത്യയിലെത്തും.