തിരുവനന്തപുരം
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രം വഴി ജൂൺ മുപ്പതിനുള്ളിൽ ബയോമെട്രിക് മസ്റ്ററിങ് നടത്തണം. 30 രൂപയാണ് ഫീസ്. പെൻഷൻ തട്ടിപ്പ് തടയാനാണ് നടപടി.
നേരത്തേ വീട്ടിൽപോയുള്ള മസ്റ്ററിങ്ങിന് 130 രൂപ ഫീസ് നിശ്ചയിച്ചിരുന്നു. ഇത് 50 രൂപയായി കുറച്ചു. 2016 – 2017 കാലഘട്ടത്തിൽത്തന്നെ മസ്റ്ററിങ് ഏർപ്പെടുത്തിയിരുന്നു. മരണപ്പെട്ടവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെൻഷൻ കൈപ്പറ്റുന്നവരുമൊക്കെ ഗുണഭോക്തൃ പട്ടികയിൽ ഇടംപിടിച്ചതായി അന്ന് കണ്ടെത്തി. തുടർന്ന് പട്ടിക ശുദ്ധീകരിക്കാൻ തീരുമാനിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കൊപ്പം വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരെയും സേവന പെൻഷൻ പോർട്ടലിൽ സംയോജിപ്പിച്ചു. മസ്റ്ററിങ്ങിനായി സോഫ്റ്റുവെയർ രൂപകൽപ്പന ചെയ്തു. അനർഹമായി പെൻഷൻ വാങ്ങിയിരുന്ന ഒട്ടേറെപ്പേരെ ഒഴിവാക്കി. ഇതിൽ കുറേ പണം തിരിച്ചുപിടിച്ചു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ മസ്റ്ററിങ് താൽക്കാലികമായി നിർത്തി. അതാണ് ഇപ്പോൾ പുനരാരംഭിച്ചത്.
അടുത്തവർഷംമുതൽ ജനുവരി, ഫെബ്രുവരി മാസത്തിൽ മസ്റ്ററിങ് നടത്തണം. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്തും. പെൻഷൻ വീട്ടിൽ എത്തിക്കുന്നവർക്ക് ആളൊന്നിന് 30 രൂപ വീതം സർക്കാർ നൽകുന്നുണ്ട്. ഇതിനുള്ള 80 കോടി രൂപയുടെ അധിക ബാധ്യത പ്രതിവർഷം സർക്കാർ വഹിക്കുന്നു.