മലപ്പുറം
സൂപ്പർ കപ്പ് ഫുട്ബോൾ ആദ്യ യോഗ്യതാ മത്സരത്തിൽ നെരോക എഫ്സിക്ക് ജയം. ഷൂട്ടൗട്ടിൽ 3–-1ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെ തോൽപ്പിച്ചു. 10 പേരായി ചുരുങ്ങിയിട്ടും അധികസമയത്തിന്റെ അവസാനനിമിഷം സമനില നേടിയ നെരോക ഗോളി പോയ്റെയ്യുടെ മികവിലാണ് ഷൂട്ടൗട്ട് ജയിച്ചത്. രാജസ്ഥാന്റെ മൂന്ന് കിക്കുകൾ ഗോളി രക്ഷപ്പെടുത്തി. ഷൂട്ടൗട്ടിനുമുമ്പ് ഇരുടീമുകളും 2–-2 സമനിലയായിരുന്നു. നാളെ വൈകിട്ട് അഞ്ചിന് നെരോക എഫ്സി ശ്രീനിധി ഡെക്കാനെ നേരിടും. ജയിക്കുന്നവർ സൂപ്പർ കപ്പിൽ ഇടംനേടും.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതം നേടിയതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ആദ്യപകുതിയിൽ ലുൻമിൻലനാണ് നെരോകയെ മുന്നിലെത്തിച്ചത്. സ്വീഡൻ ഫെർണാണ്ടസ് തൊടുത്ത ഷോട്ട് പോസ്റ്റിൽത്തട്ടി മടങ്ങി. ഇത് ലുൻമിൻലൻ വലയിലാക്കുകയായിരുന്നു. പകരക്കാരനായിറങ്ങിയ ഷായ്ബോർലാങ് രണ്ടാംപകുതിയിൽ രാജസ്ഥാന് സമനില നൽകി. മധ്യനിരക്കാരൻ ലാൽറേംസംഗ രാജസ്ഥാനെ മുന്നിലെത്തിച്ചു. അധികസമയത്ത് പരുക്കൻ കളി പുറത്തെടുത്തതോടെ നെരോകയുടെ പ്രതിരോധക്കാരൻ മാങ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. രാജസ്ഥാൻ കളി ജയിച്ചെന്ന് കരുതവെ 120–-ാംമിനിറ്റിൽ സ്വീഡൻ ഫെർണാണ്ടസ് നെരോകയ്ക്ക് സമനില സമ്മാനിച്ചു.