കൊച്ചി
സൂപ്പർകപ്പ് ഫുട്ബോളിനുള്ള കേരള ബ്ലാസ്റ്റേഴ്സിനെ ഗോവയിൽനിന്നുള്ള പ്രതിരോധക്കാരൻ ജെസൽ കർണെയ്റോ നയിക്കും. കോച്ചിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. വിലക്കുള്ള ഇവാൻ വുകോമനോവിച്ചിനുപകരം അസിസ്റ്റന്റ് കോച്ചുമാരായ ഫ്രാങ്ക് ഡ്യുവനോ (ബൽജിയം) ഇഷ്ഫാഖ് അഹമ്മദിനോ (ഇന്ത്യ) ആയിരിക്കും ചുമതല.
ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനെതിരെയാണ് ആദ്യമത്സരം. വ്യക്തിപരമായ കാരണങ്ങളാൽ അഡ്രിയാൻ ലൂണ നാട്ടിലാണ്. മറ്റ് എല്ലാ വിദേശതാരങ്ങളും ടീമിനൊപ്പം ചേർന്നു. പ്രതിരോധത്തിലെ ഹർമൻജോത് ഖബ്ര ടീമിലില്ല. പ്രാദേശിക യുവപ്രതിഭകളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 29 അംഗ ടീമിൽ 11 മലയാളികളുണ്ട്. കെ പി രാഹുൽ, സഹൽ അബ്ദുൽ സമദ്, എം എസ് ശ്രീക്കുട്ടൻ, സചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളിതാരങ്ങൾ. ഓസ്ട്രേലിയൻ സ്ട്രൈക്കർ അപ്പോസ്തലോസ് ജിയാനുവാണ് ടീമിലെ ഏക ഏഷ്യൻതാരം.
ടീം
ഗോൾകീപ്പർമാർ: പ്രഭ്സുഖൻസിങ് ഗിൽ, കരൺജിത് സിങ്, സചിൻ സുരേഷ്, മുഹീത് ഷബീർ.
പ്രതിരോധക്കാർ: വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്ച്, ഹോർമിപാം റൂയിവ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കർണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.
മധ്യനിരക്കാർ: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സൺ സിങ്, ഇവാൻ കലിയുഷ്നി, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ.
മുന്നേറ്റക്കാർ: ബ്രൈസ് ബ്രയാൻ മിറാൻഡ, സൗരവ് മണ്ഡൽ, കെ പി രാഹുൽ, സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, എം എസ് ശ്രീക്കുട്ടൻ, മുഹമ്മദ് ഐമെൻ, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.
കിരീടം ലക്ഷ്യമിട്ടാണ് സൂപ്പർകപ്പിന് ഇറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻസിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ‘എ’യിലാണ്. ബംഗളൂരു എഫ്സി, റൗണ്ട്ഗ്ലാസ് പഞ്ചാബ് ടീമുകൾക്കൊപ്പം യോഗ്യത നേടിവരുന്ന ഒരു ടീമും ഉണ്ടാകും. 16ന് ബംഗളൂരുവുമായുള്ള മത്സരത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.