കൊച്ചി
കോടതിമുറിയിലെന്നപോലെ പുറത്തും സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാനും നീതിപൂർവമായ പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച മനുഷ്യസ്നേഹിയെയാണ് തോട്ടത്തിൽ ബി രാധാകൃഷ്ണന്റെ വിയോഗത്തിലൂടെ പൊതുസമൂഹത്തിന് നഷ്ടമായത്. നീതിയുക്തമായ ഉത്തരവുകൾ പലതും അദ്ദേഹത്തിന്റേതായി പിറന്നു. അനീതിയാണെന്ന് ബോധ്യമുള്ള സംഭവങ്ങളിൽ സ്വമേധയാ കേസെടുക്കാനും മടിച്ചില്ല. അത്തരം ഇടപെടലുകൾ മാധ്യമശ്രദ്ധ നേടി.
സിവിൽ, ഭരണഘടന, അഡ്മിനിസ്ട്രേറ്റീവ് നിയമങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച അദ്ദേഹം, പൊതുതാൽപ്പര്യവിഷയങ്ങളിൽ സ്വമേധയാ ഇടപെടുന്ന ന്യായാധിപനായിമാറി. മാനസികവെല്ലുവിളി നേരിടുന്നവരെയും ദുർബലവിഭാഗങ്ങളെയും മുതിർന്ന പൗരന്മാരെയും ബാധിക്കുന്ന വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ചുമതല ദീർഘകാലം അദ്ദേഹത്തിനായിരുന്നു. മാനസികാരോഗ്യ ചികിത്സാകേന്ദ്രങ്ങളെ നിരീക്ഷിക്കാനും പോരായ്മ പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്താനും കഴിഞ്ഞിരുന്നു.
നക്സൽ വർഗീസ് വധക്കേസിൽ ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ സമർപ്പിച്ച ഹർജി തള്ളിയത് രാധാകൃഷ്ണൻ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ്. ജീവപര്യന്തം ശിക്ഷ വിധിച്ച സിബിഐ കോടതിയുടെ വിധി ശരിവച്ചുള്ള ഉത്തരവായിരുന്നു അത്. ബിടിഎസ് റോഡിലെ വീടിനുമുന്നിൽ കനത്ത മഴയത്ത് വെള്ളക്കെട്ട് രൂക്ഷമായപ്പോൾ ഓട വൃത്തിയാക്കാൻ കൈക്കോട്ടുമായി ഇറങ്ങിയ ജസ്റ്റിസ് രാധാകൃഷ്ണനെ നഗരം മറക്കില്ല. അന്നത് വലിയ വാർത്തയായി. കക്കൂസ് മാലിന്യം നഗരത്തിരക്കിലൂടെ കൊണ്ടുപോകുന്നതിനെതിരെ കർശന നിർദേശം നൽകി.
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം രാധാകൃഷ്ണൻ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽനിന്ന് സുവോളജിയിൽ ബിരുദവും ബാംഗ്ലൂർ സർവകലാശാലയിലെ കെജിഎഫ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 1983ൽ അഡ്വ. പി രാമകൃഷ്ണപിള്ളയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1988ൽ ഹൈക്കോടതി അഭിഭാഷകനായി.
സിവിൽ, ഭരണഘടന, അഡ്മിനിസ്ട്രേറ്റീവ് നിയമ മേഖലകളിലാണ് കൂടുതൽ ശ്രദ്ധിച്ചത്. 2004ൽ കേരള ഹൈക്കോടതി ജഡ്ജിയായി. 2016 മേയിലും 2017 ഫെബ്രുവരിയിലും കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. 2017 മാർച്ചിൽ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2018ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019ൽ തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്റ്റിസായത്. 2021 ഏപ്രിലിൽ വിരമിച്ചു.
കേരള ജുഡീഷ്യൽ അക്കാദമി പ്രസിഡന്റ്, കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ, ലക്ഷദ്വീപ് ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ, ലോ റിപ്പോർട്ടിങ് കൗൺസിൽ ചെയർമാൻ, സെൻട്രൽ അതോറിറ്റി ഓഫ് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കമീഷൻ അധ്യക്ഷൻ, ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
അന്ത്യാഞ്ജലിയർപ്പിച്ച്
പ്രമുഖർ
അന്തരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും അഭിഭാഷകസമൂഹത്തിന്റെയും നഗരാവലിയുടെയും അന്ത്യാഞ്ജലികളോടെ യാത്രാമൊഴി. തിങ്കൾ രാവിലെ ഏഴുമുതൽ എളമക്കര ബിടിഎസ് റോഡിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. വൈകിട്ട് അഞ്ചിന് ഔദ്യോഗികബഹുമതികളോടെ പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, അഡീഷണൽ എജിമാരായ അശോക് എം ചെറിയാൻ, കെ പി ജയചന്ദ്രൻ, ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
സമൂഹത്തിന്റെയാകെ നന്മ മുൻനിർത്തി കാര്യങ്ങൾ കൈകാര്യം ചെയ്ത ന്യായാധിപനായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്ണനെന്ന് നിയമമന്ത്രി പി രാജീവ് അനുശോചനസന്ദേശത്തിൽ പറഞ്ഞു. രാധാകൃഷ്ണന്റെ നിര്യാണത്തിൽ പ്രമുഖ വ്യവസായി എം എ യൂസഫലി അനുശോചിച്ചു. പ്രഗല്ഭനായ ന്യായാധിപനെയും നിയമജ്ഞനെയുമാണ് നഷ്ടമായതെന്ന് അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അന്തരിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന് മന്ത്രി പി രാജീവും ഭാര്യ വാണി കേസരിയും ആദരാഞ്ജലി അർപ്പിക്കുന്നു