തിരുവനന്തപുരം
സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം തുടങ്ങി. തിങ്കൾ രാവിലെതന്നെ ചുമതലപ്പെട്ട മുഴുവൻ അധ്യാപകരും ക്യാമ്പുകളിലെത്തി. ആദ്യം ഉത്തരസൂചിക പരിചയപ്പെടൽ. പിന്നീട് ചോദ്യപേപ്പർ പരസ്പരം കൈമാറിയുള്ള മോക് മൂല്യനിർണയം. ഉച്ചയ്ക്കു ശേഷമാണ് ഉത്തരക്കടലാസ് മൂല്യനിർണയം ആരംഭിച്ചത്. ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ ചില കാറ്റഗറി സംഘടനകളുടെ ഏതാനും ഭാരവാഹികൾ കറുത്ത വസ്ത്രം അണിഞ്ഞ് എത്തിയെങ്കിലും ഏശിയില്ല.
എഴുപത് ക്യാമ്പിലാണ് 4.20 ലക്ഷം എസ്എസ്എൽസി വിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം. നാല് ഘട്ടമായുള്ള ക്യാമ്പുകളിൽ 18,000 അധ്യാപകരുണ്ട്. 26ന് മൂല്യനിർണയം പൂർത്തിയാക്കുമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി എസ് സന്തോഷ് കുമാർ പറഞ്ഞു. മൂല്യനിർണയത്തിന് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിക്കും.
മുൻനിശ്ചയിച്ചപോലെ 80 ക്യാമ്പിലും മൂല്യനിർണയം ആരംഭിച്ചെന്ന് ഹയർ സെക്കൻഡറി പരീക്ഷാ ജോയിന്റ് ഡയറക്ടർ എസ് എസ് വിവേകാനന്ദൻ പറഞ്ഞു. കാൽ ലക്ഷം അധ്യാപകരാണ് ക്യാമ്പുകളിലുള്ളത്. എസ്എസ്എൽസി, പ്ലസ് ടു ഫലം മെയ് 20നകം പ്രസിദ്ധീകരിക്കും.
ക്യാമ്പിലെ സമരം അനുവദിക്കില്ല: മന്ത്രി ശിവൻകുട്ടി
പരീക്ഷാ മൂല്യനിർണയക്യാമ്പിലെ സമരം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. യുഡിഎഫിൽപെട്ട ചില സംഘടനകളാണ് സമരം നടത്തിയത്. എന്തേലും ആവശ്യമുണ്ടെങ്കിൽ സെക്രട്ടറിയറ്റിലും മന്ത്രിയുടെ വസതിയിലേക്കും വരെ സമരം നടത്താറുണ്ട്. എന്നാൽ, മൂല്യനിർണയക്യാമ്പിലെ സമരം ഒരുവിധത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.