തിരുവനന്തപുരം
കെപിസിസി നേതൃയോഗത്തിൽനിന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വിട്ടുനിൽക്കും. ചൊവ്വാഴ്ച ചേരുന്ന സമ്പൂർണ നേതൃയോഗത്തിൽ പങ്കെടുക്കാതിരിക്കാൻ ചെന്നിത്തല ഡൽഹിയിലേക്ക് പോയി. നേതൃയോഗത്തിൽ അരങ്ങേറുന്ന വിഴുപ്പലക്കലിന്റെയും പിള്ളേരുകളിയുടെയും ഭാഗമാകേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തല വിമാനം കയറിയതെന്ന് വിശ്വസ്തരിൽ ഒരാൾ ദേശാഭിമാനിയോട് പറഞ്ഞു. ജില്ല, ബ്ലോക്ക് കമ്മിറ്റികളുടെ പുന—ഃസംഘടനയ്ക്കായുള്ള അന്തിമപട്ടിക തീർപ്പാക്കുന്ന ഘട്ടത്തിൽമാത്രം സംസ്ഥാനത്ത് ഇടപെട്ടാൽ മതിയെന്നാണ് ചെന്നിത്തലയുടെ നിലപാട്. കെ മുരളീധരനെ അപമാനിച്ച സംഭവം, തിരുവനന്തപുരം ഡിസിസി ഓഫീസിൽ അരങ്ങേറിയ സംഘർഷം, സംഘടനാ പുനഃസംഘടന, രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സംസ്ഥാനത്തെ പ്രതിഷേധം തണുത്തുപോയത് തുടങ്ങിയ പ്രശ്നങ്ങൾ നേതൃയോഗം കലുഷിതമാക്കുമെന്നത് മുൻകൂട്ടി കണ്ടാണ് ചെന്നിത്തല മാറിനിൽക്കുന്നത്. ഡിസിസി ഓഫീസില്വച്ച് തന്നെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി തമ്പാനൂർ സതീഷ് തിങ്കളാഴ്ച കെപിസിസി പ്രസിഡന്റിന് പരാതി നൽകി. ശശി തരൂരിന്റെ സ്റ്റാഫ് അംഗങ്ങൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. എംപിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്ഥിരംകുറ്റികളായി ഉപജാപകസംഘം പ്രവർത്തിക്കുന്നുവെന്നും ആരോപണമുണ്ട്.
കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ നൂറാം വാർഷികാഘോഷ പരിപാടിയിൽ കെ മുരളീധരനെ പ്രസംഗിക്കാൻ അനുവദിക്കാത്തത് നേതൃയോഗത്തിൽ വലിയ ചർച്ചയാകും. മുരളീധരനൊപ്പം ശശി തരൂരുമുണ്ട്. ഇവർ സത്യഗ്രഹ വാർഷിക പരിപാടിയിൽനിന്ന് ഒഴിവാക്കപ്പെട്ട കെപിസിസി മുൻപ്രസിഡന്റുമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ പിന്തുണയും തേടിയിട്ടുണ്ട്. സംഘടനാ പുനഃസംഘടന നീണ്ടുപോകുന്ന വിഷയം നേതൃയോഗം കലുഷിതമാകും.
മിക്ക എംപിമാർക്കും പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള പുനഃസംഘടനാ നടപടികളിലാണ് താൽപ്പര്യം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടർന്ന് രാജ്യത്താകെ പ്രതിഷേധം ഉയർന്നപ്പോഴും കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ഒരുവിഭാഗം ഉയർത്തും. പ്രതിഷേധത്തിന്റെ പേരിൽ അനാവശ്യ സംഘർഷാവസ്ഥ സൃഷ്ടിച്ചത് അവമതിപ്പുണ്ടാക്കിയതായാണ് പൊതുവികാരം. ബിജെപിക്കെതിരെ ആഞ്ഞടിക്കാൻ കിട്ടിയ അവസരം സംസ്ഥാന സർക്കാരിനെയും കേരള പൊലീസിനെയും കുറ്റപ്പെടുത്താനുള്ള ആയുധമാക്കിയ പ്രതിപക്ഷ നേതാവിനെതിരെയും വിമർശം ഉയർന്നേക്കും.