പാലക്കാട്
കുട്ടികളിൽ കലയുടേയും ചിന്തയുടേയും വെളിച്ചം പകരാൻ ബാലസംഘം നേതൃത്വത്തിലുള്ള വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തൃത്താലയിൽ തുടക്കം. മൂന്ന് മുതൽ ഒമ്പത് വരെ കൂറ്റനാട് വട്ടേനാട് ഗവ. എൽപി സ്കൂളിലാണ് ക്യാമ്പ്. സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള പരിശീലകർക്കും പരിശീലനം നൽകും.
എം ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ അനുജ അധ്യക്ഷയായി. പി പി സുമോദ് എംഎൽഎ, ആര്യൻ ടി കണ്ണന്നൂർ എന്നിവർ മുഖ്യാതിഥികളായി. സ്വാഗതസംഘം ചെയർമാൻ വി കെ ചന്ദ്രൻ, ജില്ലാ കൺവീനർ സി പി സുധാകരൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് എന്നിവർ സംസാരിച്ചു. സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് പദ്ധതി വിശദീകരിച്ചു.
കുഞ്ഞമ്പുവിന്റെ കുഞ്ഞമ്പ (എ വി രഞ്ജിത്ത് ), മിന്നാമിന്നി (അമാസ് എസ് ശേഖർ), അതിരുകളില്ലാത്ത ലോകം (ഷെനിത്ത് മാധവിക), ആകാശങ്ങളിലെ അഥീന (സിനാഷ), ഒരു സത്യാന്വേഷണം (ആദിത്ത് പൊതശേരി, ബിജു നാടകപ്പുര ), കാപ്പിരിക്കുട്ടി (ഷീജ വക്കത്തിന്റെ കവിതയുടെ സ്വതന്ത്ര ദൃശ്യാവിഷ്കാരം (ചിഞ്ചു ബി കൃഷ്ണ), നിറമുള്ള ബലൂണുകൾ (കൃഷ്ണപ്രിയ പയ്യന്നൂർ), ഒലക്ക (പ്രൊഫ. പി ഗംഗാധരൻ ) എന്നീ ലഘു നാടകങ്ങളാണ് തുമ്പികൾ പരിശീലിക്കുന്നത്. നാടകങ്ങളിൽ അഞ്ചെണ്ണം കുട്ടികളുടെ രചനകളാണ്. പുതുലോക ശിൽപ്പികൾ (ഹരിശങ്കർ മുന്നൂർക്കോട്), വരിക വരിക കൂട്ടരേ (ബി കെ ഹരിനാരായണൻ ), സ്നേഹതുമ്പി (വിനായക് എടക്കര), തീം സോങ്ങ് ( ശ്രീഹരി ), ഹം ഹെ ഭാരത് (കെ കെ കൃഷ്ണകുമാർ) എന്നീ സംഗീതശിൽപ്പങ്ങളും ഒരുക്കിയിട്ടുണ്ട്. ആര്യൻ ടി കണ്ണനൂർ രചിച്ച ‘നമ്മുടെ അവകാശം’ എന്ന ഗാനവും അരങ്ങിലെത്തും. ഹരിഹരനുണ്ണി ക്യാമ്പ് ഡയറക്ടറും കെ പി പ്രിയദർശൻ മാനേജരുമാണ്. ഏഴിന് വൈകിട്ട് അഞ്ചിന് സംസ്ഥാന പരിശീലനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ബാലസംഘത്തിന്റെ കളിവണ്ടി തുടങ്ങിയ തൃത്താലയിലാണ് വീണ്ടും പരിശീലന ക്യാമ്പ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.