ചെന്നൈ
ഐപിഎൽ ക്രിക്കറ്റിൽ ആദ്യകളി തോറ്റ ചെന്നൈ സൂപ്പർ കിങ്സ് ജയത്തോടെ തിരിച്ചുവന്നു. ഓപ്പണർമാരുടെ മിടുക്കിൽ മികച്ച സ്കോർ ഒരുക്കിയ മുൻ ചാമ്പ്യൻമാർ 12 റണ്ണിന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ കീഴടക്കി.
സ്കോർ: ചെന്നൈ 7–-217, ലഖ്നൗ 7–-205
അവസാന ഓവറിൽ നാല് വിക്കറ്റ് കൈയിലിരിക്കെ ലഖ്നൗവിന് ജയിക്കാൻ 28 റൺ വേണ്ടിയിരുന്നു. തുഷാർ പാണ്ഡെയുടെ ഓവറിൽ നേടിയത് 15 റൺ. ആയുഷ് ബദനി 23 റണ്ണിന് പുറത്തായി. പകരംവന്ന മാർക്ക് വുഡ് മൂന്ന് പന്തിൽ 10 റണ്ണടിച്ചപ്പോഴേക്കും വൈകിപ്പോയി. 17 റണ്ണുമായി കൃഷ്ണപ്പഗൗതം പുറത്താകാതെനിന്നു. ഓപ്പണർ കൈൽ മയേഴ്സ് തുടർച്ചയായി രണ്ടാം അർധസെഞ്ചുറി നേടിയതാണ് സവിശേഷത. 22 പന്തിലാണ് വിൻഡീസുകാരന്റെ നേട്ടം. എട്ട് ഫോറും രണ്ട് സിക്സറും അതിൽ ഉൾപ്പെട്ടു. നികോളാസ് പുരാൻ 32 റൺ നേടി. കെ എൽ രാഹുലും (20) ദീപക്ഹൂഡയും (2) ക്രുണാൽ പാണ്ഡ്യയും (9) പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ലഖ്നൗ നിരയിൽ മൊയീൻ അലി നാല് വിക്കറ്റെടുത്ത് തിളങ്ങി. തുഷാർ പാണ്ഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
ഋതുരാജ് ഗെയ്ക്ക്വാദും ഡെവൻ കോൺവേയും ഒന്നാംവിക്കറ്റിൽ നേടിയ 110 റണ്ണാണ് ചെന്നൈ സ്കോറിന്റെ അടിത്തറ. മഹാരാഷ്ട്രയിൽനിന്നുള്ള ഋതുരാജ് 31 പന്തിൽ 57 റൺ നേടി. അതിൽ മൂന്ന് ഫോറും നാല് സിക്സറും ഉൾപ്പെട്ടു. ആദ്യകളിയിൽ 92 റൺ നേടിയ ഇരുപത്താറുകാരൻ തുടർച്ചയായി രണ്ടാം അർധസെഞ്ചുറി കണ്ടെത്തി. കോൺവേ 29 പന്തിൽ 47 റണ്ണെടുത്തു. അഞ്ച് ഫോറും രണ്ട് സിക്സറും നിറഞ്ഞ ഇന്നിങ്സ്.
ഈ കൂട്ടുകെട്ട് പൊളിക്കാൻ ക്യാപ്റ്റൻ രാഹുൽ ഏഴ് ബൗളർമാരെയാണ് നിയോഗിച്ചത്. ഏഴാമത്തെ ബൗളറായിവന്ന രവി ബിഷ്ണോയ് ആദ്യപന്തിൽ ഋതുരാജിനെ വീഴ്ത്തി. മാർക്ക്വുഡിനായിരുന്നു ക്യാച്ച്. അടുത്ത ഓവറിൽ കോൺവേയും മടങ്ങി. മാർക്ക്വുഡിന്റെ പന്തിൽ ക്രുണാൽ പാണ്ഡ്യ വീണുപിടിച്ചു.
ശിവം ദുബേയും (16 പന്തിൽ 27) മൊയീൻ അലിയും (13 പന്തിൽ 19) കൂറ്റൻ അടിക്ക് ശ്രമിച്ചെങ്കിലും രവി ബിഷ്ണോയിയുടെ സ്പിന്നിൽ കീഴടങ്ങി.
ബെൻസ്റ്റോക്സും (8) രവീന്ദ്ര ജഡേജയും (3) വേഗം മടങ്ങി. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി മാർക്ക്വുഡിന്റെ അവസാന ഓവറിൽ തുടരെ രണ്ട് സിക്സറടിച്ച് സ്റ്റേഡിയത്തെ ത്രസിപ്പിച്ചു. മൂന്നാംപന്തിൽ രവി ബിഷ്ണോയ് പിടികൂടി. ഐപിഎല്ലിൽ ധോണി 5000 റൺ പൂർത്തിയാക്കി. അമ്പാട്ടി റായ്ഡു 14 പന്തിൽ 27 റണ്ണുമായി പുറത്താകാതെ നിന്നു.
രവി ബിഷ്ണോയ് നാല് ഒവറിൽ 28 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മാർക്ക് വുഡിന് അത്രയും വിക്കറ്റെടുക്കാൻ 49 റൺ വിട്ടുകൊടുക്കേണ്ടിവന്നു. ആവേശ്ഖാനാണ് ഒരു വിക്കറ്റ്.