തിരുവനന്തപുരം
ദുരിതാശ്വാസനിധി കേസ് പൂർണ ബെഞ്ചിന് വിട്ട ലോകായുക്തയിലെ ന്യായാധിപർക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാൻ അസംബന്ധങ്ങൾ കുത്തിനിറച്ച വിധിയാണ് എഴുതിയതെന്നാണ് സുധാകരൻ പറയുന്നത്. മുഖ്യമന്ത്രിയുടെ തീട്ടൂരത്തിനു മുന്നിൽ മുട്ടുമടക്കിയതാണോ, അതോ പിന്നിൽ ഡീൽ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾ തലനാരിഴകീറി പരിശോധിക്കുന്നുവെന്നടക്കം ഗുരുതര പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. ലോകായുക്തയിലെ ജഡ്ജിമാർ രാജിവയ്ക്കണമെന്ന് രാഷ്ട്രീയപാർടി നേതാക്കൾ ആവശ്യപ്പെടുന്ന സാഹചര്യം നേരത്തേയുണ്ടായിട്ടില്ല. ഇതിൽ ഹൈക്കോടതിയിലേതിനു സമാനമായ കോടതിയലക്ഷ്യ നടപടിയെടുക്കാനുമാകുമെന്ന് നിയമവിദഗ്ധർ പറയുന്നു.
നിയമപരമായി നിലനിൽക്കുന്നതുമല്ല സുധാകരൻ ഉയർത്തിയ വാദങ്ങൾ. കേസ് പരിഗണിക്കണോയെന്നത് മാത്രമാണ് നേരത്തേ പൂർണബെഞ്ച് പരിശോധിച്ചത്. അന്ന് ചീഫ് സെക്രട്ടറിയുടെ വാദം മാത്രമാണ് പരിഗണിച്ചത്. ഇതേ അഭിപ്രായ ഭിന്നത പുതിയ ഡിവിഷൻ ബെഞ്ചിലുമുണ്ടായി. ഇതിനു പുറമെയാണ് ആരോപണത്തിലെ ശരിതെറ്റുകൾ സംബന്ധിച്ചും ഭിന്നതയുണ്ടായതെന്നും നിയമവിദഗ്ധർ പറയുന്നു. സുധാകരൻ പറയുന്നതുപോലെ സർക്കാരിനെ സഹായിക്കാനായിരുന്നു ലോകായുക്ത ശ്രമിച്ചതെങ്കിൽ ഹർജി തള്ളി ഉത്തരവിടാമായിരുന്നല്ലോയെന്നും ചോദിക്കുന്നു.
ഇരട്ടത്താപ്പ്
ആവർത്തിക്കുന്നു
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യം ആവർത്തിച്ച് ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ ദേശീയനേതൃത്വം അപ്പീൽ നൽകാനിരിക്കെയാണ് സുധാകരന്റെ ഇരട്ടത്താപ്പ്. രാജയുടെയും രാഹുൽഗാന്ധിയുടേയും വിഷയും ഒരുപോലെ കാണാനാകില്ലെന്നാണ് ന്യായീകരണം.