കൊച്ചി
രാജ്യത്ത് വൈദ്യുതിപ്രതിസന്ധിയുണ്ടെന്ന് വ്യക്തമാക്കി വിപണിയിൽ ഇടപെട്ട് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷൻ. വൈദ്യുതിക്ക് ഈടാക്കിയിരുന്ന ഉയർന്നനിരക്ക് കുറച്ച് കമീഷൻ ഉത്തരവിട്ടു. പവർ എക്സ്ചേഞ്ചിൽ യൂണിറ്റിന് 12 രൂപയിൽനിന്ന് പത്തായും ഉയർന്ന വിലയിൽ വൈദ്യുതി വിൽക്കുന്ന വിപണിയിൽ യൂണിറ്റിന് 50 രൂപയെന്നത് 20 രൂപയാക്കിയുമാണ് ഉത്തരവ്.
കഴിഞ്ഞവർഷമാണ് എക്സ്ചേഞ്ച് വഴി വിൽക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഉയർന്ന നിരക്കായി 12 രൂപ നിശ്ചയിച്ചത്. രാജ്യം കടുത്ത ഊർജപ്രതിസന്ധി നേരിട്ടപ്പോഴാണ് കമീഷൻ അസാധാരണമായി ഇടപെട്ടത്. സമാനസാഹചര്യത്തിലേക്ക് ഇക്കുറിയും രാജ്യം നീങ്ങുമെന്നാണ് കമീഷന്റെ കണക്കുകൂട്ടൽ. ഈ വർഷം ജനുവരിയിൽ വൈദ്യുതിയുടെ ആവശ്യം 212 ജിഗാവാട്ടും ഫെബ്രുവരിയിൽ 210 ജിഗാവാട്ടുമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ആവശ്യം എട്ട് ശതമാനം വർധിച്ചു. വേനൽ കടുക്കുന്നതിനാൽ ഏപ്രിൽമുതൽ ഇനിയും കൂടും.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഇലക്ട്രിക് പവർ സർവേ റിപ്പോർട്ടുപ്രകാരം 2023–-24ൽ വൈദ്യുതി ആവശ്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന 230 ജിഗാവാട്ടിലെത്തും. വിപണിയിലാകട്ടെ വൈദ്യുതിക്ഷാമമുണ്ട്. ജനുവരിയിൽ വിപണിയിലെത്തിയ വൈദ്യുതിയെക്കാൾ അഞ്ചിരട്ടിയായിരുന്നു ആവശ്യം. ഫെബ്രുവരിയിൽ ഇത് ആറിരട്ടിയിലധികമായി. ഈ സ്ഥിതി തുടരുമെന്നാണ് നിഗമനം.
ആവശ്യം ഉയർന്നപ്പോഴെല്ലാം പവർ എക്സ്ചേഞ്ചിലെ വിൽപ്പന പരമാവധി നിരക്കായ 12 രൂപയിലാണ്. ഈ തുകയ്ക്കും വൈദ്യുതി ലഭിക്കാത്ത സ്ഥിതിയാണ്. ഇത് പരിഗണിച്ച് വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന സംസ്ഥാനങ്ങളെയടക്കം കൊള്ളയടിയിൽനിന്ന് ഒഴിവാക്കാനാണ് താഴ്ന്ന നിരക്ക് നിശ്ചയിച്ചത്. എന്നാൽ, ഇതുകൊണ്ടും വൈദ്യുതിപ്രതിസന്ധി ഒഴിവാക്കാനാകില്ല. വേനൽ രൂക്ഷമാവുകയും ഉപയോഗം ഉയരുകയും ചെയ്താൽ കഴിഞ്ഞവർഷത്തെപ്പോലെ ലോഡ്ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുണ്ടായേക്കും. നിലവിൽ കേരളത്തിന്റെ നില ഭദ്രമാണ്. വിവിധ കരാറുകളിലൂടെ വേനൽക്കാലത്തേക്ക് ആവശ്യമായ വൈദ്യുതി സംസ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.