കോവളം
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ സുപ്രധാന നയമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രഥമ കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാരിന്റെ ശമ്പള വിഹിതത്തിൽ 47 ശതമാനവും ചെലവഴിക്കുന്നത് അധ്യാപകർക്ക് ശമ്പളം നൽകാൻ വേണ്ടിയാണ്. ഇത് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് എത്ര പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ്. കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ധനമന്ത്രി വാഗ്ദാനം ചെയ്തു.
സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന് തുടർച്ചയുണ്ടാകുമെന്ന് അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ കേരളീയ വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കുന്നതിൽ സഹായകമാകുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടക്കുന്ന ഗവേഷണങ്ങളാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് വഴിവിളക്കാകേണ്ടതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മൂന്ന് ദിവസമായി നടന്ന വിദ്യാഭ്യാസ കോൺഗ്രസിൽ 132 പേർ പ്രബന്ധം അവതരിപ്പിച്ചു. മികച്ച പ്രബന്ധം അവതരിപ്പിച്ച ഡോ. എ കെ ലീന, ഡോ. പി എസ് ഇന്ദു, ഡോ. അജിത് ആർ പിള്ള, കൃപ അനിൽകുമാർ, പഞ്ചമി ജോസ്, ദീപക് അരുൺ തുടങ്ങിയവർക്ക് ധനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.