കോഴിക്കോട്
ഓടിക്കൊണ്ടിരിക്കെ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീവച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അക്രമം നടന്ന എലത്തൂർ റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേ ട്രാക്കിനോടുചേർന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണശാലയുള്ളത്. സ്റ്റേഷന് എതിർവശം ഗുഡ്സ് ട്രെയിനുകളിൽ എത്തിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കിൽ ശേഖരിച്ച് പൈപ്പ് ലൈൻ വഴി റെയിൽവേ ട്രാക്കിന് അടിയിലൂടെ എതിർവശത്തുള്ള പ്ലാന്റിൽ എത്തിച്ചാണ് വിതരണം. ദൃക്സാക്ഷി മൊഴി അനുസരിച്ച് ഈ ഭാഗത്തുവച്ചാണ് ട്രെയിനിൽ തീപടരുന്നത്. ബോഗികളിൽനിന്ന് തീ പുറത്തേക്ക് പടർന്നിരുന്നെങ്കിൽ ഇന്ധന പ്ലാന്റിലേക്ക് പടരാനുള്ള സാധ്യതയുണ്ടായിരുന്നു.
ട്രെയിൻ രാത്രി 9.24ന് എലത്തൂർ സ്റ്റേഷൻ പിന്നിട്ട ഉടനെയായിരുന്നു ആക്രമണം. പലരും ഉറക്കത്തിലായിരുന്നു. ഡി1 കംപാർട്ട്മെന്റിന്റെ ശുചിമുറിക്ക് സമീപത്തുനിന്നാണ് അക്രമി പെട്രോൾ നിറച്ച ബോട്ടിൽ യാത്രക്കാർക്കുനേരെ വീശിയത്. പ്രതി ഉടനെ തീകൊളുത്തുകയുംചെയ്തു. ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാർ ശുചിമുറിയിൽ കയറി വെള്ളം ഒഴിച്ചതിനാൽ കൂടുതൽ യാത്രക്കാരിലേക്ക് തീപടരുന്നത് ഒഴിവായി.
റെയിൽവേ ഡിവിഷൻ
ഉദ്യോഗസ്ഥർ സന്ദർശിച്ചു
ആലപ്പുഴ – -കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥർ കോഴിക്കോട് എലത്തൂരിലെ സംഭവസ്ഥലവും ആശുപത്രിൽ ചികിത്സയിലുള്ളവരെയും സന്ദർശിച്ചു. പരിക്കേറ്റവർക്ക് പരമാവധി സഹായം നൽകാമെന്നറിയിച്ചു. പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ( സെക്കൻഡ് ) സക്കീർ ഹുസൈൻ, ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ അനിൽകുമാർ എസ് നായർ എന്നിവരാണ് സന്ദർശിച്ചത്.
മയക്കത്തിൽനിന്ന് തീഗോളത്തിലേക്ക്
മണിക്കൂറുകൾ പിന്നിട്ടിട്ടും ആളിക്കത്തിയ തീഗോളം സജിഷയുടെ കണ്ണുകളിൽ കെട്ടടങ്ങിയിട്ടില്ല. അകം പൊള്ളിച്ച ആ നിമിഷങ്ങൾക്കൊപ്പം പ്രിയപ്പെട്ടവർ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിന്റെ നീറ്റലും. എലത്തൂരിൽ അക്രമി തീയിട്ട ട്രെയിനിലെ യാത്രക്കാരിയായിരുന്നു തലശേരി പൊയ്യിലിൽ വീട്ടിലെ സജിഷ. ഭർത്താവ് അനിൽകുമാർ, മകൻ അദ്വൈത് എന്നിവർക്കൊപ്പമായിരുന്നു യാത്ര. എൻട്രൻസ് പരീക്ഷാ പരിശീലനം നടത്തുന്ന മകളെ കാണാനാണ് കോഴിക്കോട്ടെത്തിയത്. വെസ്റ്റ്ഹിൽ പിന്നിട്ടപ്പോൾ ഒന്ന് മയങ്ങി. ഉണർന്നപ്പോൾ തീയും ബഹളവും. അക്രമി പെട്രോൾ എല്ലാവരുടെയും ദേഹത്ത് ഒഴിച്ചപ്പോഴാണ് ഉണർന്നത്. കൈയിലും മറ്റും പെട്രോളായി. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുംമുമ്പ് തീ ആളി. അലറിക്കരയുന്നവരും ബഹളം വയ്ക്കുന്നവരുമാണ് ചുറ്റും. കൈയിൽ പലയിടത്തായി തീ കത്തുന്നു, കത്തുന്ന ദേഹവുമായി അലമുറയിടുന്നവർ. താങ്ങാനാവാതെ സജിഷ ബോധംകെട്ടു വീണു. ഭർത്താവിനും മകനും പൊള്ളലേറ്റതൊന്നും അറിഞ്ഞില്ല.
‘പ്രതി’യാക്കിയത് ഷർട്ട്
ട്രെയിനിൽ തീയിട്ട സംഭവത്തിലെ പ്രതിയെന്ന പേരിൽ ചാനലുകൾ പുറത്തുവിട്ട ദൃശ്യം എലത്തൂർ കാട്ടിലപീടിക സ്വദേശിയായ വിദ്യാർഥിയുടേത്. തിങ്കൾ രാവിലെ മുതൽ ഉച്ചവരെ ചാനൽ ദൃശ്യത്തിലുള്ള ഫായിസ് മൻസൂർ മംഗളൂരുവിൽ ക്ലാസിലായിരുന്നു. അവിടെ സ്വകാര്യ കോളേജിലെ അവസാന സെമസ്റ്റർ ബിബിഎ വിദ്യാർഥിയാണ്. ക്ലാസ് വിട്ട് പുറത്തുവന്നപ്പോഴാണ് ഫോണിൽ വന്ന മെസേജുകളിൽനിന്ന് തന്നെ പ്രതിയായി ചിത്രീകരിച്ചത് അറിഞ്ഞത്.
തിങ്കളാഴ്ച രാവിലെ മംഗളൂരുവിലെ കോളേജിൽ എത്താനായി ഞായറാഴ്ച രാത്രി കോഴിക്കോട്ടുനിന്ന് ട്രെയിൻ കയറാനാണ് കാട്ടിലപീടികയിൽ നിന്ന് സുഹൃത്തിന്റെ ബൈക്കിൽ ഫായിസ് പോയത്. അർധരാത്രി കോഴിക്കോട് സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ പിടിക്കാൻ അല്പം നേരത്തെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. കാട്ടിലപീടികയിലെ മുജാഹിദ് പള്ളിക്ക് സമീപംനിന്ന് സുഹൃത്തിന് ഫോൺ ചെയ്യുന്നതും കാത്തുനിൽക്കുന്നതും വണ്ടിയിൽ കയറിപ്പോകുന്നതുമെല്ലാം സിസി ടിവിയിലുണ്ട്. ചുവന്ന നിറമുള്ള ഷർട്ടാണ് ഫായിസിനെ സംശയിക്കാൻ കാരണമായത്. ട്രെയിനിൽ പെട്രോൾ തളിച്ച പ്രതി ധരിച്ചതും ചുവന്ന ഷർട്ടായിരുന്നു.