ഫറോക്ക്
ഷുഹൈബിനോടും ജസീലയോടും എന്ത് പറയും എന്ന് ചോദിച്ച് ഹൃദയം പൊട്ടുന്ന സഹ്റയുടെ വല്യുപ്പ അബ്ദുൽ ശുക്കൂറും വല്യുമ്മ ഉമ്മുകുൽസുവും. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പകൽ മൂന്നേകാലോടെ സഹ്റയുടെ മയ്യത്ത് വീട്ടിലെത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ ഉള്ളം തേങ്ങി.
എക്സിക്യൂട്ടീവ് എക്സ്പ്രസ് സംഭവത്തിൽ മരിച്ച മൂന്ന് പേരിലൊരാളാണ് കോഴിക്കോട് കടലുണ്ടിയിലെ പഞ്ചായത്ത് ഓഫീസിന് സമീപം കുന്നുമ്മൽ ഷുഹൈബിന്റെ മകൾ രണ്ടരവയസ്സുകാരി സഹ്റ ബാത്തൂൽ. ഉമ്മ ജസീലയുടെ സഹോദരി റഹ്മത്തിനൊപ്പം കുഞ്ഞു സഹ്റ നിറഞ്ഞ ചിരിയുമായി റ്റാറ്റ പറഞ്ഞുപോയത് സഹോദരി ആയിശ ഹന്നയുടെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല. തിരിച്ചെത്തിയ ചേതനയറ്റ സഹോദരിയുടെ മുഖം കണ്ടപ്പോൾ ഒന്ന് കരയാൻപോലും ആറുവയസ്സുകാരിക്കായില്ല.
ഞായർ വൈകിട്ട് അഞ്ചരയോടെയാണ് റഹ്മത്ത് അയൽവാസിയായ റാസിക്കുമായി മട്ടന്നൂരിൽനിന്ന് വന്നത്. ജസീല പഠനകേന്ദ്രത്തിലാണെന്ന് അറിഞ്ഞപ്പോൾ വന്ന ഓട്ടോറിക്ഷയിൽ തന്നെ അവർ ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിയെങ്കിലും കണ്ണൂരിലേക്കുള്ള പാസഞ്ചർ വണ്ടി കിട്ടിയില്ല. തിരിച്ചെത്തി നോമ്പുതുറയ്ക്ക് ശേഷം ഏഴേ മുക്കാലോടെ തിരിച്ചു പോകാനിരിക്കെയാണ് മട്ടന്നൂരുള്ള വല്യുമ്മ (ജസീലയുടെയും റഹ്മത്തിന്റെയും ഉമ്മ) സഹ്റമോളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. തുടർന്ന് ഞായർ രാത്രി എട്ടേമുക്കാലോടെയാണ് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽനിന്നും ആലപ്പുഴ –– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി -വൺ കംപാർട്ട്മെന്റിൽ റഹ്മത്തിനും റാസിക്കിനുമൊപ്പം സഹ്റ യാത്രതിരിച്ചത്.
പുലർച്ചെ രണ്ടരയോടെയാണ് റഹ്മത്തിന്റെയും സഹ്റയുടെയും മൃതദേഹം കണ്ടെത്തിയെന്ന നടുക്കുന്ന വാർത്ത വീട്ടിലറിഞ്ഞത്. തിങ്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുമ്പിലിരിക്കുമ്പോഴും സഹ്റയുടെ വല്യുപ്പ ശുക്കൂറിനും ബന്ധുക്കൾക്കും സഹ്റ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. രാത്രിയോടെ ഉപ്പ ഷുഹൈബ് എത്തിയശേഷം ചാലിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.