ന്യൂഡൽഹി
ഡൽഹി തൊഴിലാളി–- കർഷക പ്രക്ഷോഭത്തിന് വീണ്ടും വേദിയാകുമ്പോൾ സമീപ സംസ്ഥാനമായ ഹരിയാനയും സമരപാതയിൽ. സംസ്ഥാനത്തെ കരിമ്പുകർഷകരുടെ കുടിശ്ശികത്തുക നൽകാൻ ബിജെപി സർക്കാരിനെ നിർബന്ധിതമാക്കിയ സമരത്തിന് അഖിലേന്ത്യ കിസാൻ സഭയാണ് നേതൃത്വം നൽകിയത്.
തൊള്ളായിരത്തോളം ആശാവർക്കർമാരെ പിരിച്ചുവിട്ടതിനെതിരായ പോരാട്ടം ഏറ്റെടുത്തത് അഖിലേന്ത്യ ഫെഡറേഷൻ ഓഫ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സാണ്. പൊലീസ് മർദനം അഴിച്ചുവിട്ടെങ്കിലും ആശാവർക്കർമാരെ തിരിച്ചെടുത്തശേഷമാണ് ആ സഹനസമരം അവസാനിപ്പിച്ചത്. അത്തരത്തിൽ, ജീവൽപ്രശ്നങ്ങൾ ഏറ്റെടുത്തുള്ള സമരങ്ങളിലുയരുന്ന ചെങ്കൊടിക്കു പിന്നിൽ ഹരിയാനയിലെ തൊഴിലാളി–-കർഷക ജനത അണിനിരക്കുന്നതാണ് ദൃശ്യമാകുന്നത്. ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ സംഘർഷ് റാലിയിൽ ഏറ്റവുമധികം സമരവളന്റിയർമാർ പങ്കെടുക്കുമെന്ന് വിലയിരുത്തപ്പെടുന്ന സംസ്ഥാനമായി ഹരിയാന മാറി. അരലക്ഷത്തിലേറെപ്പേർ ഹരിയാനയിൽനിന്നുമാത്രം ഡൽഹി രാംലീലയിലേക്ക് എത്തുമെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
കോർപറേറ്റ്–- വർഗീയ കൂട്ടുകെട്ടിനെതിരെ കാഹളമുയർത്തുന്ന റാലിക്ക് മുന്നോടിയായുള്ള കൺവൻഷനുകൾ ഹരിയാനയിലും പൂർത്തിയാക്കി. ഗ്രാമങ്ങളിൽ നടത്തിയ പദയാത്രകളിൽ വൻ പങ്കാളിത്തമാണുണ്ടായത്. സിഐടിയു, അഖിലേന്ത്യ കിസാൻസഭ, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ് റാലി.
പിന്തുണയുമായി പ്രമുഖർ
കേന്ദ്ര സർക്കാരിനെതിരെ കർഷകരും തൊഴിലാളികളും പ്രഖ്യാപിച്ച ചരിത്രസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖർ. മസ്ദൂർ–- കിസാൻ സംഘർഷ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാർ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, സിനിമാ പ്രവർത്തകർ, അഭിഭാഷകർ, സംഗീതജ്ഞർ, കവികൾ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിലുള്ള 288 പ്രമുഖർ ഒപ്പുവച്ച കത്ത് പ്രസിദ്ധീകരിച്ചു.
വിഖ്യാത നടൻ നസറുദ്ദീൻ ഷാ, ചരിത്രകാരൻ ഇർഫാൻ ഹബീബ്, സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക്, മാധ്യമപ്രവർത്തകരായ പി സായ്നാഥ്, പരഞ്ജയ് ഗുഹ താകുർത, ശശികുമാർ, നടിയും സംവിധായകയുമായ രത്ന പതക് ഷാ, സംവിധായകൻ ആനന്ദ് പട്വർധൻ, നടി രോഹിണി, എഴുത്തുകാരായ ആർ ടി മുത്തു, എൻ എസ് മാധവൻ, വാസ്തുശിൽപ്പി വർത്തിക ചതുർവേദി, സാമൂഹ്യപ്രവർത്തകരായ ജോൺ ദയാൽ, ടീസ്ത സെതൽവാദ്, സംഗീതജ്ഞൻ ടി എം കൃഷ്ണ തുടങ്ങിയവരും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കത്തിൽ ഒപ്പുവെച്ചു.