തിരുവനന്തപുരം> മാധ്യമം ദിനപത്രത്തിൽ നിന്നും 23 പ്രൂഫ് റീഡർമാരെ അന്യായമായി പിരിച്ചുവിടാനുള്ള മാനേജ്മെന്റ് തീരുമാനം പിൻവലിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി. മാധ്യമമേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതാണ് 23 മാധ്യമപ്രവർത്തകരെ പിരിച്ചുവിടാനുള്ള മാധ്യമം മാനേജ്മെന്റിന്റെ നീക്കം.
ജീവിതത്തിന്റെ നല്ല ഭാഗം ഈ സ്ഥാപനത്തെ കെട്ടിപ്പെടുക്കാൻ വിനിയോഗിച്ച ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി പ്രതിഷേധാർഹമാണ്. ഈ നടപടി പിൻവലിക്കണം. ഇല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.