മുണ്ടൂർ> ചുറ്റുമതിലിന് മുകളിൽ കിടന്നുറങ്ങിയ യുവാവ് കിണറ്റിൽ വീണ് മുങ്ങിമരിച്ചു. മുണ്ടൂർ മന്നത്ത് പറമ്പിൽ രാധാകൃഷ്ണന്റെയും പുഷ്പയുടെയും മകൻ രജനീഷ് (31) ആണ് മരിച്ചത്. ഞായർ രാത്രി 9.30നാണ് അപകടം. വീടിനുസമീപത്തുള്ള മന്നത്ത്പറമ്പ് പഞ്ചായത്ത് കിണറിന്റെ ചുറ്റുമതിലിനുമുകളിൽ കിടന്നുറങ്ങിയതാണ്. ഉറക്കത്തിൽ തിരിഞ്ഞതും കിണറിനകത്ത് വീണു.
സംഭവം കണ്ട സമീപത്തെ വീട്ടിലെ പെൺകുട്ടി രജനീഷിന്റെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയവർ കയറിട്ട് കൊടുത്തെങ്കിലും വെള്ളത്തിൽ താഴ്ന്നു. പ്രദേശത്തെ യുവാക്കൾ കിണറ്റിലിറങ്ങി രജനീഷിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കിണറിൽ വീഴുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സഹോദരങ്ങൾ: രജീഷ്, രഞ്ജിത.