കോഴിക്കോട്> മാധ്യമം ദിനപത്രത്തില് യന്ത്രവല്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രൂഫ് റീഡര്മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയില് പ്രതിഷേധിച്ച് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതലാണ് സെക്യൂരിറ്റി ജീവനക്കാര് തൊട്ട് എല്ലാം വിഭാഗം തൊഴിലാളികളും പണിമുടക്കിലേര്പ്പെട്ടത്.
റംസാന് മാസത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തില് പ്രൂഫ് റീഡര്മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന് കാണിച്ച് 23 പേര്ക്ക് നോട്ടീസ് നല്കിയത്. ഒരാളൊഴികെ മറ്റു 22 പേരും നോട്ടീസ് കൈപറ്റിയില്ലെന്നറിയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്ത്തകന് മാത്രമാണ് ഇതിനകം നോട്ടീസ് കൈപറ്റിയത്.
ജൂലായ് ഒന്നുമുതല് ജോലിയില്ല എന്നറിയിക്കുന്ന നോട്ടീസാണ് ബന്ധപ്പെട്ടവര്ക്ക് നല്കിയത്. സീനിയറായ നാലുപേരെ നിലനിര്ത്തിയാണ് 24 പേരെ പിരിച്ചുവിടുന്നത്. ജീവനക്കാരെ വന്തോതില് കുറയ്ക്കുന്നതിന്റെ തുടക്കമെന്ന നിലയില് ടെസ്റ്റ്ഡോസാണ് പിരിച്ചുവിടല് നടപടി. 1947 ലെ വ്യവസായ തര്ക്കനിയമം 25ലെ ഉപവകുപ്പ് പ്രകാരമാണ് നടപടി.
പ്രസിദ്ധീകരണത്തിന്റെ ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വര്ധിപ്പിക്കാന് എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷന് കൊണ്ടുവരുമെന്നാണ് പിരിച്ചുവടല് നോട്ടീസില് പറയുന്നത്. പ്രൂഫ് വിഭാഗത്തില് പുതിയ സംവിധാനം ജൂലൈ ഒന്നുമുതല് പ്രാബല്യത്തില് വരും. അതുകൊണ്ട് പരിച്ചുവിടലല്ലാതെ മറ്റുമാര്ഗമില്ല. ഇതിന് തൊഴില്വകുപ്പിനോട് അനുമതി തേടുകയും ചെയ്തിട്ടുണ്ട്.
പിരിച്ചുവിടുന്ന ജീവക്കാരെ മറ്റുതസ്തികകളില് പോലും പുനര്വിന്യസിപ്പിക്കാതെയാണ് പെരുവഴിയിലാക്കിയത്. ഇതിനെ തുടര്ന്ന് മാധ്യമത്തിലെ മുഴുവന് ജീവനക്കാരും ഒറ്റക്കെട്ടായി പ്രതിഷേധത്തിലാണ്.