ന്യൂഡൽഹി > കഴുതയുടെ പാൽ ഉപയോഗിച്ചുള്ള സോപ്പ് സ്ത്രീകളുടെ ശരീര സൗന്ദര്യം വർധിപ്പിക്കുമെന്ന വിചിത്ര വാദവുമായി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഈജിപ്ത് രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ചിരുന്നതായും മനേക ഗാന്ധി അവകാശപ്പെട്ടു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പൊതുയോഗത്തിൽ സംസാരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
പ്രശസ്ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. ഡൽഹിയിൽ കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പിന് 500 രൂപ വിലയുണ്ട്. ആട്ടിൻ പാലും കഴുതപ്പാലും കൊണ്ടുള്ള സോപ്പുണ്ടാക്കാൻ തുടങ്ങണമെന്നും മനേക പറഞ്ഞു.
“നിങ്ങൾ ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായി, അവരുടെ എണ്ണം കുറയുന്നു. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. ലഡാക്കിൽ കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹമുണ്ട്. അതിനാൽ അവർ കഴുതകളെ കറക്കാൻ തുടങ്ങി, പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കാൻ തുടങ്ങി, കഴുതപ്പാൽ ഉപയോഗിച്ച് നിർമ്മിച്ച സോപ്പുകൾ സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമായി നിലനിർത്തും – മനേക പറഞ്ഞു.