കൊച്ചി > പുതിയ തമിഴ് ചിത്രത്തിന്റെ ഒഡീഷൻ കേരളത്തിൽ ഉണ്ടാകുമോ എന്ന് ചോദിച്ച ആരാധകന് രസകരമായ മറുപടി നൽകി സംവിധായകൻ അൽഫോൺസ് പുത്രൻ. സംവിധാനം ചെയ്ത ചിത്രങ്ങളായ നേരം, പ്രേമം, ഗോൾഡ് എന്നിവയോട് കേരളത്തിലുള്ള ചിലർ മോശമായി പ്രതികരിച്ചുവെന്ന് അൽഫോൺസ് കുറ്റപ്പെടുത്തി. ഏപ്രിൽ 3 മുതൽ 10 വരെ ചെന്നൈയിലാണ് ഒഡീഷൻ നടത്തുന്നത്. ഇത് സംബന്ധിച്ച ഇൻസ്റ്റഗ്രമിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കേരളത്തിൽ ഒഡീഷൻ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചിലർ എത്തിയത്.
അൽഫോൺസ് പുത്രന്റെ മറുപടി:
എന്നിട്ട് എന്തിനാ?. നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോൾഡാണെങ്കിൽ മോശം പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ കേരളം എന്റെ കാമുകിയും, ഞാൻ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബായിലാണ് എന്ന് വിചാരിച്ചാൽ മതി…
കഴിഞ്ഞ ദിവസം റിസർവ് ബാങ്കിനും ഉദ്യോഗസ്ഥർക്കുമെതിരെയുള്ള അൽഫോൺസ് പുത്രന്റെ ഫെയ്സ്ബുക്ക് കുറിപ്പും ചർച്ചയായിരുന്നു. റിസർവ് ബാങ്ക് സിനിമാ നിർമാണത്തിന് വായ്പ നൽകുന്നില്ലെന്നും ഇത് സിനിമയെ കൊല്ലുന്ന വിഷയമാണെന്നും അദ്ദേഹം കുറിച്ചു.
‘സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് വായ്പ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, അൽഫോൻസ് പുത്രൻ കുറിച്ചു. പൃഥ്വിരാജ്, നയൻതാര എന്നിവർ അഭിനയിച്ച ഗോൾഡ് ആയിരുന്നു അൽഫോൺസ് രചിച്ച് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.