മഞ്ചേരി
സൂപ്പർ കപ്പിന് യോഗ്യത നേടാൻ ഐ ലീഗ് ടീമുകൾ ഇന്നുമുതൽ പന്തുതട്ടും. ഐ ലീഗിലെ ഒമ്പതാംസ്ഥാനക്കാരായ രാജസ്ഥാൻ യുണെെറ്റഡും 10–-ാംസ്ഥാനത്തുള്ള നെരോക എഫ്സിയും തമ്മിലാണ് ആദ്യ മത്സരം. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം.ഐ ലീഗിൽ രണ്ടുതവണ നേർക്കുനേർ എറ്റുമുട്ടിയപ്പോഴും ഏകപക്ഷീയമായ ഒരു ഗോളിന് രാജസ്ഥാനായിരുന്നു ജയം. 22 കളികളിൽ ഏഴുവീതം ജയവും നാല് സമനിലയുമടക്കം 25 പോയിന്റായിരുന്നു ഇരുടീമുകളുടെയും സമ്പാദ്യം.
രാജസ്ഥനും നെരോകയും തമ്മിലുള്ള പ്ലേഓഫ് മത്സരത്തിൽ വിജയിക്കുന്ന ടീം ബുധനാഴ്ച യോഗ്യതാ മത്സരത്തിൽ ശ്രീനിധി ഡെക്കാനുമായി ഏറ്റുമുട്ടും. അന്നുരാത്രിയാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗോകുലം കേരള എഫ്സിയും മുഹമ്മദൻസ് സ്പോർട്ടിങ്ങും തമ്മിലുള്ള മത്സരം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന ഇന്ത്യയിൽനിന്നുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള യോഗ്യതാ മത്സരം നാളെ നടക്കും. രാത്രി 8.30ന് മുംബൈ എഫ്സിയും ജംഷഡ്പുർ എഫ്സിയും ഏറ്റുമുട്ടും.