കൊച്ചി
തുന്നിച്ചേര്‍ത്ത ഹൃദയവുമായി ലോക ട്രാൻസ്പ്ലാന്റ് ഒളിമ്പിക്സിൽ മാറ്റുരയ്ക്കാന്‍ മലയാളിതാരം. എട്ടുവർഷംമുമ്പ് ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവച്ച എറണാകുളം കളമശേരി സ്വദേശി ഡിനോയി തോമസാണ് (39) ഓസ്ട്രേലിയയിലെ പെർത്തിൽ 15 മുതൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഞ്ചു കിലോമീറ്റർ ഓട്ടത്തിലാണ് മത്സരിക്കുന്നത്.
ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷൻ ഉൾപ്പെടെയുള്ള കായികസംഘടനകളുടെ അംഗീകാരത്തോടെയാണ് ലോക ട്രാൻസ്പ്ലാന്റ് ഒളിമ്പിക്സ് നടത്തുന്നത്. അവയവമാറ്റം കഴിഞ്ഞവരാണ് പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് ആദ്യമായാണ് ഹൃദയമാറ്റശസ്ത്രക്രിയക്ക് വിധേയനായ ഒരാൾ മേളയിൽ പങ്കെടുക്കുന്നത്. ഡിനോയിക്കൊപ്പം മെഡിക്കൽസംഘത്തിലെ അംഗമായി ലിസിയിലെ ഹൃദ്രോഗ ചികിത്സകൻ ഡോ. ജോ ജോസഫും പോകുന്നുണ്ട്. 14ന് ഇരുവരും യാത്ര പുറപ്പെടും.
എട്ടുവർഷംമുമ്പ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹൃദയം മാറ്റിവച്ചത്. മസ്തിഷ്കമരണം സംഭവിച്ച തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയമാണ് സ്വീകരിച്ചത്. കളമശേരി കൈപ്പടമുകൾ കുമ്മണ്ണൂർവീട്ടിലാണ് ഡിനോയിയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകുന്ന ഹാർട്ട് കെയർ ഫൗണ്ടേഷനാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഡിനോയി ഡ്രൈവറായി ജോലി ചെയ്യുന്ന നിപ്പോൺ ടൊയോട്ട ഗ്രൂപ്പാണ് യാത്രച്ചെലവുകൾ വഹിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് സാധാരണജീവിതത്തിലേക്ക് പൂർണമായും മടങ്ങാനാകുമെന്ന് ഡിനോയിയിലൂടെ സമൂഹത്തിന് ബോധ്യമാകുമെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു.