തിരുവനന്തപുരം
സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അപേക്ഷിച്ചാലുടൻ കെട്ടിടനിർമാണ പെർമിറ്റ് നൽകിത്തുടങ്ങി. ശനിയാഴ്ച ഓൺലൈനായി അപേക്ഷിച്ച 11 പേരിൽ തിരുവനന്തപുരം പരണിയം സ്വദേശിക്ക് ഫീസടച്ച് നിമിഷങ്ങൾക്കകം ആദ്യ പെർമിറ്റ് ലഭിച്ചു. തിരുവനന്തപുരം കോർപറേഷൻ–-8, കണ്ണൂർ കോർപറേഷൻ–-2, കളമശേരി നഗരസഭ–- 1 എന്നിങ്ങനെയാണ് ആദ്യദിനം അപേക്ഷ ലഭിച്ചത്.
തദ്ദേശവകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും പെർമിറ്റ് നൽകി. തൃശൂരിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്. മുമ്പ് കെട്ടിടനിർമാണ പെർമിറ്റിന് രണ്ടുമാസമെങ്കിലും എടുത്തിരുന്നു. പരിശോധനയ്ക്ക് ഉദ്യോഗസ്ഥനെ നഗരസഭയിൽ പോയി കൂട്ടിക്കൊണ്ടുവരണം. ഉദ്യോഗസ്ഥന് പ്രീതിയില്ലെങ്കിൽ പിന്നെയും വൈകും. ഇതിലൂടെ അഴിമതിക്കും സാധ്യതയുണ്ടായിരുന്നു.
ഉടമയുടെയും പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്ന ലൈസൻസിയുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തത്സമയം പെർമിറ്റ് നൽകുന്നത്. നിലവിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള നിർമാണങ്ങൾക്കാണ് സൗകര്യം. അടുത്തഘട്ടത്തിൽ പഞ്ചായത്തുകളിലും സംവിധാനം ഏർപ്പെടുത്തുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.