തിരുവനന്തപുരം
വൈക്കം സത്യഗ്രഹ 100-ാം വാർഷികത്തിന്റെ കെപിസിസി പരിപാടിയിൽ കെ മുരളീധരനെ അപമാനിച്ച സംഭവം കോൺഗ്രസിൽ കത്തിപ്പടരുന്നു. വേദിയിൽ മുരളീധരന് മൈക്ക് നിഷേധിച്ചതും മുൻ കെപിസിസി പ്രസിഡന്റുമാരെ ക്ഷണിക്കാതിരുന്നതും ബോധപൂർവമാണെന്ന വിലയിരുത്തലിലാണ് ഒരുവിഭാഗം.
മുരളീധരന്റെ വിലക്കിലും തന്നെ ക്ഷണിക്കാത്തതിലും പ്രതിഷേധവുമായി എം കെ രാഘവൻ രംഗത്തെത്തി. കോഴിക്കോട്ടെ പരിപാടിയിൽ കൽപ്പറ്റ എംഎൽഎയെ പങ്കെടുപ്പിച്ചിട്ടും തന്നെ ക്ഷണിച്ചില്ലെന്നും രാഘവൻ പറഞ്ഞു. ഇത് കെ സുധാകരനും വി ഡി സതീശനുമെതിരായ സന്ദേശമാണ്. മുരളീധരനെ അപമാനിച്ചത് ശരിയായില്ലെന്നാണ് ശശി തരൂർ പറഞ്ഞത്. നിലവിലെ സംവിധാനം ഒറ്റക്കെട്ടായല്ല പോകുന്നതെന്നാണ് ഇവരുടെ വിമർശം. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നിലാണ് എംപിമാരുടെ പടയൊരുക്കം. ആഘോഷപരിപാടിയുടെ ശോഭ കെടുത്തുന്നതായി നേതൃത്വത്തിന്റെ നടപടി. ‘ചെറിയ മനസ്സുമായി പാർട്ടിയെ ചലിപ്പിക്കാനാകില്ലെ’ന്നും പാർടിക്കുള്ളിൽ വിമർശമുയർന്നിട്ടുണ്ട്. അതേസമയം, പരസ്യപ്രതികരണങ്ങൾ നടത്തുന്നവർക്ക് മറ്റുലക്ഷ്യമുണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എംപിമാർ ഉയർത്തുന്ന ഈ കലാപത്തിനിടയിലാണ് ചൊവ്വാഴ്ച സമ്പൂർണ നേതൃയോഗം ചേരാനൊരുങ്ങുന്നത്.